ഏപ്രില്‍ 24 മുതല്‍ ഏപ്രില്‍ 30 വരെ ലോകമെമ്പാടും 'ലോക രോഗപ്രതിരോധ വാരം' ആയി ആചരിക്കുന്നു. വാക്‌സിനുക്കളുടെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ഒരു അവബോധം സൃഷ്ടിക്കുകയാണ് ഈ ലോക രോഗപ്രതിരോധ വാരം. പൊതുജനാരോഗ്യത്തിലെ ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് വാക്‌സിനുകള്‍ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ അഞ്ചാംപനി, ഡിഫ്തീരിയ, പോളിയോ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് 150 ദശലക്ഷത്തിലധികം ജീവനുക്കളെ വാക്‌സിനുകള്‍ രക്ഷിച്ചിട്ടുണ്ട്. ഇന്ന് മലേറിയ, കോളറ, എച്ച്പിവി തുടങ്ങിയ രോഗങ്ങളില്‍ നിന്നും പുതിയ വാക്‌സിനുക്കള്‍ ജനങ്ങളുടെ ജീവനെ സംരക്ഷിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.
വാക്‌സിന്‍ എടുത്ത് കഴിഞ്ഞാല്‍ നമ്മുടെ ശരീരത്തില്‍ ആന്റിബോഡികളും മെമ്മറി സെല്ലുകളും ഉത്പാദിപ്പിക്കും. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശരീരത്തില്‍ നേരിയ നീര്‍ക്കെട്ട് ഉണ്ടാകാം. തലച്ചോറിലെ ഹൈപ്പോതലാമസ് ശരീരോഷ്മാവ് കൂട്ടാന്‍ നിര്‍ദേശം നല്‍കുന്നതോടെയാണ് പനി അനുഭവപ്പെടുന്നത്. അതായത്, പനി വരുന്നത് വാക്‌സിന്‍ 'പ്രവര്‍ത്തിക്കുന്നു' എന്നതിന്റെ തെളിവാണ്. ശരീരം പ്രതിരോധം തീര്‍ക്കുകയാണ് പനി വരുന്നതിലൂടെ.
എല്ലാവര്‍ക്കും പനി വരുമോ?
ഇല്ല. ഓരോരുത്തരുടെയും പ്രതിരോധ സംവിധാനം വ്യത്യസ്തമാണ്. ചിലര്‍ക്ക് യാതൊരു ലക്ഷണവും ഉണ്ടാകില്ല. പ്രായം, ആരോഗ്യസ്ഥിതി, മുന്‍പ് രോഗം വന്നിട്ടുണ്ടോ എന്നതൊക്കെ ഇതിനെ സ്വാധീനിക്കും. കുട്ടികളിലും പ്രായമായവരിലും പ്രതികരണം വ്യത്യസ്തമായിരിക്കും. പനി വന്നില്ല എന്നുകരുതി വാക്‌സിന്‍ ഫലിച്ചില്ല എന്ന് അര്‍ത്ഥമില്ല. മറിച്ച് ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയെ ആണ് ചൂണ്ടി കാണിക്കുന്നത്.
പനി ഒരു അലര്‍ജിയാണോ?
അല്ല. പനി, കുത്തിയ ഭാഗത്ത് തടിപ്പ്, ചുവപ്പ്, വേദന തുടങ്ങിയവ വാക്‌സിനേഷന്‍ എടുത്തതിന്റെ പാര്‍ശ്വഫലങ്ങളാണ്. ഇത് സാധാരണ 2-3 ദിവസങ്ങളില്‍ തനിയെ മാറും. അലര്‍ജിയാണെങ്കില്‍ കുത്തിവെച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തടിപ്പ്, ശ്വാസതടസ്സം, അനാഫൈലക്‌സിസ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും.
പനി വന്നാല്‍ എന്ത് ചെയ്യണം?
1. ധാരാളം വെള്ളം കുടിക്കുക: നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം, ജ്യൂസ്, കഞ്ഞിവെള്ളം എന്നിവ കുടിക്കുക.
2. വിശ്രമിക്കുക: ശരീരത്തിന് പ്രതിരോധം ഉണ്ടാക്കാന്‍ സമയം നല്‍കുക.
3. പാരസെറ്റമോള്‍ കഴിക്കാം: ഡോക്ടറുടെ നിര്‍ദേശപ്രകാരം പനിക്കും വേദനയ്ക്കും പാരസെറ്റമോള്‍ ഉപയോഗിക്കാം.
4. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക: പനിയുള്ളപ്പോള്‍ അധികം വസ്ത്രം ധരിക്കരുത്.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക:
*3 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കടുത്ത പനി
*കുത്തിവെച്ച ഭാഗത്ത് കടുത്ത നീരും വേദനയും
*ശ്വാസതടസ്സം, തലകറക്കം, ശരീരത്തില്‍ തടിപ്പ്
*നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന എന്തെങ്കിലും ലക്ഷണം
വാക്‌സിന്റെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമാണ്. എന്നാല്‍ വാക്‌സിന്‍ എടുക്കാതെ രോഗം വന്നാല്‍ ഉണ്ടാകാവുന്ന അപകടസാധ്യത അതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ്. വാക്‌സിന്‍ നമ്മെ മാത്രമല്ല, നമ്മുടെ ചുറ്റുമുള്ള കുഞ്ഞുങ്ങളെയും പ്രായമായവരെയും രോഗികളെയും കൂടി സംരക്ഷിക്കുന്നു. അതിനാല്‍ വാക്‌സിനെടുക്കാൻ ഭയപ്പെടേണ്ട.