പ്രതീകാത്മക ചിത്രം Source: Meta AI
LIFE

ഉത്കണ്ഠകള്‍ക്ക് തടയിടണോ? സന്തോഷിക്കാന്‍ മാത്രമല്ല, വിഷമിക്കാനും സമയം കണ്ടെത്തണം

കേൾക്കുമ്പോൾ അസാധാരണമായി തോന്നുമെങ്കിലും വിദ​ഗ്ദർ നിർദേശിക്കുന്നതിങ്ങനെയാണ്

Author : ന്യൂസ് ഡെസ്ക്

സന്തോഷം മാത്രമുള്ളൊരു ജീവിതമെന്നത് ഒരു യുട്ടോപ്യൻ ചിന്തയാണ്. വിഷമമില്ലാത്ത ഒരു ജീവനും പ്രപ‍‍ഞ്ചത്തിലില്ല. ഇതിൽ നമുക്ക് ചെയ്യാനാവുന്നത് ഒന്നുമാത്രമാണ്. വിഷമങ്ങൾക്കൊപ്പം ജീവിക്കാൻ പഠിക്കുക, അതിനെ നിയന്ത്രിക്കാൻ പഠിക്കുക എന്നത് മാത്രമാണ്. ദുഃഖം, ഉത്കണ്ഠ, സമ്മർദം എന്നിവ ജീവിതത്തിൻ്റെ ഭാ​ഗമാണ്. അത് ദീർഘമായി തുടരുമ്പോഴാണ് മാനസികമായും ശാരീരികമായും ആരോഗ്യത്തെ ബാധിക്കുന്നത്. ചിലപ്പോൾ നിങ്ങൾക്കത് തിരിച്ചറിയാൻ പോലും കഴിഞ്ഞെന്നും വരില്ല.

വിഷമിച്ചിരിക്കുന്ന ഏതൊരാളോടും സാധാരണമായി പറയുന്ന ഒന്നാണ് അതിനെക്കുറിച്ച് ചിന്തിക്കരുത് എന്ന്. എന്നാൽ അതിനെക്കുറിച്ച് ചിന്തിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കാൻ സമയം നൽകുക. ഇതിനായി ഒരു 'ഉത്കണ്ഠാ ജാലകം' സൃഷ്ടിക്കുക. നിങ്ങളുടെ ചിന്തകളെ കാടുകയറാൻ അനുവദിക്കുക. കേൾക്കുമ്പോൾ അസാധാരണമായി തോന്നുമെങ്കിലും വിദ​ഗ്ദർ നിർദേശിക്കുന്നതിങ്ങനെയാണ്.

പ്രതീകാത്മക ചിത്രം

നോക്കു.. ഒരു ദിവസത്തിൽ ഏതെങ്കിലും കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ സമ്മർദം അനുഭവിക്കുമ്പോൾ, ഉത്കണ്ഠ നിറഞ്ഞ ഒരു ചിന്ത ആ ദിവസത്തെ കവർന്നെടുക്കുന്നതിലും എത്രയോ നല്ലതാണ് അതിൻ്റെ കാരണം കണ്ടുപിടിക്കാനായി സമയം നൽകുന്നത്. സമ്മർദമുണ്ടാക്കുന്ന ചിന്തകൾ പതിവ് പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ തുടങ്ങുമ്പോൾ അത് മറച്ചുവെക്കാതിരിക്കുക. അത് പരിഹരിക്കാനായി ശ്രമിക്കുക. ഇവിടെയാണ് വറി വിൻഡോ അഥവാ ഉത്കണ്ഠാ ജാലകം എന്നതിൻ്റെ പ്രാധാന്യം കടന്നുവരുന്നത്. ഇതിലൂടെ ഉത്കണ്ഠയും സമ്മർദവും കുറയ്ക്കാൻ ഏകദേശം 15 മുതൽ 20 മിനിറ്റ് സ്വസ്ഥമായി ഇരിക്കണമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഒരു ജാലകത്തിലൂടെ ചിന്തകളെ ബന്ധനരഹിതമായി തിരിച്ചുവിടുകയാണ് ഇവിടെ. ഇതുവഴി അവയെ വിലയിരുത്തലോ അടിച്ചമർത്തലോ ഇല്ലാതെ പ്രോസസ്സ് ചെയ്യാൻ നിങ്ങളുടെ മനസിന് ഇടം നൽകുന്നു. ചിന്തകളെയും വികാരങ്ങളെയും ആത്മപരിശോധന നടത്തുന്നതിനും. ആന്തരിക ലോകത്തെക്കുറിച്ച് മികച്ച ഉൾക്കാഴ്ച നേടുന്നതിനുമുള്ള ആരോഗ്യകരമായ ഒരു ഇടവേളയായി വറി വിൻഡോ മാറുമെന്നാണ് മനഃശാസ്ത്രജ്ഞയായ മണിക പാൽ പറയുന്നത്. നിരന്തരം ഉത്കണ്ഠയെ ചെറുക്കാൻ ശ്രമിക്കുമ്പോൾ അത് കൂടുതലാകാനും സാധ്യതയുണ്ടെന്ന വസ്തുതയിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്.

വറി വിൻഡോ എങ്ങനെ സൃഷ്ടിക്കാം?

ഒരു വിഷമം മനസിനെ അലട്ടുമ്പോൾ അതിനെ അടിച്ചമർത്താതെ കുറിച്ചെടുക്കുക. ഒപ്പം ബി റൈറ്റ് ബാക്ക് (BRB) എന്ന് പറയുക. പകൽ സമയത്ത് ഉണ്ടാകുന്ന ഉത്കണ്ഠാജനകമായ ചിന്തകൾ എഴുതുന്നതിനായി ഒരു വറി ലോ​ഗോ കൈവശം വെയ്ക്കുക. മറ്റൊന്ന് ചിന്തകൾക്കായി എല്ലാ ദിവസവും 15–20 മിനിറ്റ് സമയം നിശ്ചയിക്കുക എന്നതാണ്. ശ്രദ്ധിക്കുക നിങ്ങളുടെ ചിന്തകളുമായി തനിച്ചായിരിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്ന സമയമാണ് മാറ്റിവെക്കേണ്ടത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള സമയം തെരഞ്ഞെടുക്കാത്തതാണ് നല്ലത്. ചിന്തകളെ അടിച്ചമർത്താൻ ശ്രമിക്കരുത്. അവയെ പൂർണമായും പ്രോസസ് ചെയ്യാൻ ശ്രമിക്കുക. ഹാർഡ് സ്റ്റോപ്പാണ് ഇതിൻ്റെ അടുത്ത ഘട്ടം. നിശ്ചിത സമയം കഴിഞ്ഞാലുടൻ അടുത്ത ജോലിയിലേക്ക് നീങ്ങാൻ ബോധപൂർവ്വം ശ്രമിക്കുക. അടുത്ത സുഹൃത്തിനെ വിളിക്കുക, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക അങ്ങനെ പൂർണമായും ചിന്തകളിൽ നിന്നും തിരിച്ചുവരാൻ ശ്രമിക്കണം. അല്ലെങ്കിൽ അത് വിപരീതഫലം ഉണ്ടാക്കിയേക്കാം.

പ്രതീകാത്മക ചിത്രം

വിഷമിക്കാൻ സ്വയം അനുവദിക്കുന്നതിലൂടെ സമ്മർദത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ തന്നെ മാറ്റങ്ങൾ ഉണ്ടാക്കും. ഇതുവഴി ശ്രദ്ധയും വൈകാരിക നിയന്ത്രണവും മെച്ചപ്പെടുത്താനും കഴിയും. ഈ പരിശീലനം ഉത്കണ്ഠ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ദരും പറയുന്നത്. പക്ഷേ ഇവിടെ ആലോചിക്കാൻ മാത്രമല്ല പ്രായോഗികമായ രീതിയിൽ പരിഹാരങ്ങളും കണ്ടെത്താൻ കൂടിയുള്ളതാണ്. ദൈനംദിന ഉത്കണ്ഠ നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി കാര്യങ്ങളിൽ ഒന്ന് മാത്രമാണ് ഒരു വറി വിൻ‍‍ഡോ. സ്വയം അവബോധം വർധിപ്പിക്കുന്നതിനും ഈ നിമിഷത്തിൽ ജീവിക്കുക എന്ന മനോഭാവത്തിനും പ്രാധാന്യം നൽകുന്ന ഒരു സമഗ്ര സമീപനമാണിത്. ഇതോടൊപ്പം ധ്യാനം, ശ്വസന വ്യായാമങ്ങൾ, പതിവ് പരിശീലനങ്ങൾ എന്നിവയും ഉത്കണ്ഠയെ നിയന്ത്രിക്കാൻ സഹായിക്കും. ശ്രദ്ധിക്കുക ഏതൊരു രീതിയും പരീക്ഷിക്കുന്നതിന് മുൻപ് നിങ്ങളുടെ വിദ​ഗ്ദരുടെ അഭിപ്രായം തോടുന്നതാണ് ഉത്തമം.

SCROLL FOR NEXT