ട്രെൻഡിങ്ങായ സൺസ്ക്രീൻ സ്റ്റിക്കുകളെ ഡെർമറ്റോളജിസ്റ്റുകൾ അംഗീകരിക്കുന്നുണ്ടോ?

സൺസ്‌ക്രീൻ സ്റ്റിക്ക് ഉപയോഗിക്കുമ്പോഴുള്ള ഏറ്റവും പ്രധാന ആശങ്കകളിൽ ഒന്ന് അതിൻ്റെ അളവ് എങ്ങനെ തിരിച്ചറിയും എന്നതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI
Published on

ചർമ സംരക്ഷണം എന്നത് എപ്പോഴും പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. ചൂടായാലും മഴയായാലും മഞ്ഞയാലും ചർമത്തിന് പ്രതിരോധിച്ചേ മതിയാകൂ. അതുകൊണ്ടുതന്നെ പ്രത്യേക സംരക്ഷണം ചർമത്തിന് ആവശ്യമുണ്ട്. ചർമ സംരക്ഷണത്തിൻ്റെ അടിസ്ഥാന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സൺസ്ക്രീനുകൾ. അകാല വാർദ്ധക്യം, സ്കിൻ കാൻസർ, സ്കിൻ ഡിസ്കളറേഷൻ എന്നിവയിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നതിൽ അവ വഹിക്കുന്ന പങ്ക് ചെറുതല്ല.

ദോഷകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്നും ചർമത്തിന് സം​രക്ഷണം നൽകുന്ന സൺസ്ക്രീനുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ഇന്ത്യക്കാർക്കിടയിൽ അവബോധമില്ലെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. വ്യവസായ കണക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ അടുത്തിടെ നേരിയ തോതിലെങ്കിലും സൺസ്ക്രീനുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വിപണിയിൽ പലതരത്തിലുള്ള സൺസ്‌ക്രീനുകൾ ഇറങ്ങുന്നതും.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI

സൺസ്‌ക്രീനുകൾ പ്രയോഗിക്കുന്നത് എളുപ്പമാക്കുന്നതിനും, ആസ്വാദ്യകരമാക്കുന്നതിനുമായി നൂതനമായ ഫോർമുലേഷനുകളാണ് കോസ്മെറ്റിക്, ഫാർമസ്യൂട്ടിക്കൽ, കോസ്മെസ്യൂട്ടിക്കൽ കമ്പനികൾ കൊണ്ടുവരുന്നത്. പരമ്പരാഗത സൺസ്‌ക്രീൻ ട്യൂബുകൾക്ക് പുറമേ, സൺസ്‌ക്രീൻ സ്‌പ്രേകൾ, സൺസ്‌ക്രീൻ സ്റ്റിക്കുകൾ എന്നിവയും ലഭ്യമാണ്. ഇതിൽ സൺസ്‌ക്രീൻ സ്റ്റിക്കുകൾക്ക് ലഭിച്ചത് വലിയ സ്വീകര്യതയാണ്. സൗന്ദര്യപ്രേമികളുടെ പ്രിയപ്പെട്ട കെ-ബ്യൂട്ടി, ജെ-ബ്യൂട്ടി ബ്രാൻഡുകൾ മുതൽ തദ്ദേശീയ ഇന്ത്യൻ ലേബലുകൾ വരെ നിലവിൽ സൺസ്‌ക്രീൻ സ്റ്റിക്കുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്.

എന്നാൽ ഡെർമറ്റോളജിസ്റ്റുകൾ സൺസ്ക്രീൻ സ്റ്റിക്കുകളെ അംഗീകരിക്കുന്നുണ്ടോ? നിങ്ങളുടെ പതിവ് സൺസ്‌ക്രീൻ ട്യൂബകളുടെ ഫലം ഇത് നിങ്ങൾക്ക് നൽകുന്നുണ്ടോ?സൺസ്‌ക്രീൻ സ്റ്റിക്ക് ഉപയോഗിക്കുമ്പോഴുള്ള ഏറ്റവും പ്രധാന ആശങ്കകളിൽ ഒന്ന് അതിൻ്റെ അളവ് എങ്ങനെ തിരിച്ചറിയും എന്നതാണ്. ശരിയായ സംരക്ഷണത്തിന്, 2 മില്ലിഗ്രാം/സെ.മീ സൺസ്ക്രീനാണ് ആവശ്യം. അതിനാൽ സൺസ്ക്രീൻ സ്റ്റിക്കുകൾ ഉപയോ​ഗിക്കുമ്പോൾ കുറഞ്ഞത് നാല് തവണയെങ്കിലും പുരട്ടേണ്ടി വരുമെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പറയുന്നത്.

എന്നാൽ അത്രയും അളവിൽ സൺസ്ക്രീൻ സ്റ്റിക് പുരട്ടുന്നത് അപ്രായോഗികമാണെന്നും ഇത് പറയുന്നു. എന്തെന്നാൽ ഇത്രയും വലിയ അളവിൽ മുഖത്ത് വാക്സ് പുരട്ടുന്നത് കോമഡോജെനിക് ആകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ചർമ സുഷിരങ്ങൾ അടയാൻ സാധ്യതയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളാണ് കോമഡോജെനിക് ഉൽപ്പന്നങ്ങൾ. ഇത് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു എന്നിവയിലേക്ക് നയിക്കുമെന്നും ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു.

പ്രതീകാത്മക ചിത്രം
കർശനമായ ഷുഗർ കട്ട്, പക്ഷെ ശരീരത്തിൽ മാറ്റമൊന്നും ഇല്ല അല്ലേ? കാരണം ഇതൊക്കെയാണ് !

മിക്ക സൺസ്‌ക്രീൻ സ്റ്റിക്കുകളും മെഴുക് അടിസ്ഥാനമാക്കിയുള്ളവയാണ്. ബീസ് വാക്സ്, ലാനോലിൻ, പാരഫിൻ തുടങ്ങിയ ചേരുവകൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവിൽ ഉപയോഗിക്കുമ്പോൾ കോമഡോജെനികിലേക്ക് നീങ്ങിയേക്കാം. അതുകൊണ്ടുതന്നെ സൂര്യകാന്തി വാക്സ്, അരി തവിട് വാക്സ് പോലുള്ള കോമഡോജെനിക് കുറഞ്ഞ വാക്സുകൾ അടങ്ങിയ സ്റ്റിക്കുകൾ ആകും ഉത്തമം.

മറ്റൊന്ന് കുറഞ്ഞ SPF ആണ്. ട്രെൻഡിങ് ആയ പല സൺസ്ക്രീൻ സ്റ്റിക്കുകളിലും SPFൻ്റെ അളവ് കുറവാണ്. ഇത് സൺപ്രൊട്ടക്ഷൻ കുറച്ചേക്കും. അതിനാൽ സൺസ്ക്രീൻ സ്റ്റിക്കുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് SPF ഉം മറ്റ് ചേരുവകളും പരിശോധിക്കേണ്ടത് പ്രധാനമാണ്. എന്നും SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ സ്റ്റിക്കുകൾ തെരഞ്ഞെടുക്കണം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI

എന്നാൽ സൺസ്ക്രീൻ സ്റ്റിക്കുകൾക്ക് ധാരാളം പോസിറ്റീവുകളുമുണ്ട്. അതിൽ പ്രധാനം എളുപ്പത്തിൽ ഉപയോ​ഗിക്കാമെന്നുള്ളതാണ്. കൂടാതെ ലീക്കേജുകൾ ഇല്ലാത്തതിനാൽ തന്നെ അവ ട്രാവൽ ഫ്രണ്ട്ലി കൂടിയാണ്. മൂക്ക്, ചെവി, താടിയെല്ല്, മുഖത്തിന്റെ വശങ്ങൾ തുടങ്ങി പലപ്പോഴും കാണാതെ പോകുന്ന ഭാഗങ്ങൾക്ക് സൺസ്ക്രീൻ സ്റ്റിക്കുകൾ അനുയോജ്യമാണ്. മേക്കപ്പിനു പുറമേ പോലും എളുപ്പത്തിൽ പ്രയോഗിക്കാനും ഇവ കൊണ്ട് സാധ്യമാകും. ശ്രദ്ധിക്കുക, ഏതൊരു വസ്തുവും തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ചർമത്തിന് അനുയോജ്യമായവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പുതുതായി ഒരു വസ്തു ഉപയോ​ഗിക്കുന്നതിന് മുമ്പ് ആരോ​ഗ്യ വിദ​ഗ്ദരുടെ അഭിപ്രായം തോടുന്നതും പാച്ച് ടെസ്റ്റ് ചെയ്യുന്നതും ഉത്തമമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com