Local Body Poll

ചര്‍ച്ചയായി നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍; തദ്ദേശ തെരഞ്ഞെടുപ്പിനിടെ ബിജെപിയെ വലച്ച് ആനന്ദിന്റെ മരണം

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മരണത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്ക് അയച്ച കുറിപ്പിലുള്ളത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കി ആനന്ദ് കെ. തമ്പിയുടെ മരണം. ആത്മഹത്യാകുറിപ്പിലെ നേതാക്കള്‍ക്ക് എതിരായ പരാമര്‍ശം ചര്‍ച്ചയാവുന്നതോടെയാണ് തെരഞ്ഞെടുപ്പിനിടെ യുവാവിന്റെ ആത്മഹത്യ ബിജെപിയെ വലയ്ക്കുന്നത്. ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മരണത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്ക് അയച്ച കുറിപ്പിലുള്ളത്.

ബിജെപി, ആര്‍എസ്എസ് നേതാക്കളെയോ പ്രവര്‍ത്തകരെയോ മൃതദേഹം കാണിക്കരുതെന്നാണ് മരിക്കുന്നതിന് മുന്‍പുള്ള ആനന്ദിന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. ഇന്നലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദിനെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആനന്ദ് തമ്പിയെന്ന പേര് പോലും കേള്‍ക്കുന്നത് ആദ്യമായാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും പ്രവര്‍ത്തകന്‍ മരിക്കാനിടയായ കാരണങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ആനന്ദ് തമ്പിക്ക് സ്ഥാനാര്‍ഥിത്വം നിരസിച്ചു എന്നതില്‍ വസ്തുതയില്ലെന്നാണ് ബിജെപി നേതാവും കൊടുങ്ങാനൂരിലെ സ്ഥാനാര്‍ഥിയുമായ വി.വി. രാജേഷ് പറഞ്ഞത്. വാര്‍ഡിലെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ആനന്ദിന്റെ പേരില്‍ ഇല്ലായിരുന്നു എന്നും രാജേഷ് പറഞ്ഞു.

അതേസമയം ആനന്ദിന്റഎ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്നലെ വൈകിട്ടാണ് വിമത സ്ഥാനാര്‍ഥിത്വത്തിന് എതിരായ ബിജെപി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആനന്ദ് ജീവനൊടുക്കിയത്.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. തൃക്കണ്ണാപുരത്തെ വീട്ടില്‍ വൈകിട്ടോടെയാണ് സംസ്‌കാര ചടങ്ങുകള്‍.

SCROLL FOR NEXT