സന്ദീപ് Source: News Malayalam 24x7
Local Body Poll

വോട്ട് പിടിക്കും, പാമ്പിനെയും പിടിക്കും; അത്തോളി ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് രണ്ടിനും റെഡിയാണ്

സ്ഥാനാർഥിയായത് കൊണ്ട് ഇപ്പോൾ വോട്ട് പിടുത്തത്തിന്റെ തിരക്കിലാണെങ്കിലും നാട്ടിൽ പാമ്പിറങ്ങിയാൽ നാട്ടുകാർ വിളിക്കുന്നത് സന്ദീപിനെയാണ്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നാട്ടിലെങ്ങും വോട്ട് പിടുത്തത്തിന്റെ തിരക്കാണ്. എന്നാൽ നമുക്ക് പാമ്പ് പിടുത്തക്കാരനായ ഒരു സ്ഥാനാർഥിയെ പരിചയപ്പെടാം. കോഴിക്കോട് അത്തോളി സ്വദേശിയായ സന്ദീപാണ് നാട്ടിലെ വേറിട്ട സ്ഥാനാർഥി. നിലവിൽ അത്തോളി പഞ്ചായത്ത് മെമ്പറായ സന്ദീപ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി അത്തോളി ബ്ലോക്ക് പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്.

സ്ഥാനാർഥിയായത് കൊണ്ട് ഇപ്പോൾ വോട്ട് പിടുത്തത്തിന്റെ തിരക്കിലാണെങ്കിലും നാട്ടിൽ പാമ്പിറങ്ങിയാൽ നാട്ടുകാർ വിളിക്കുന്നത് സന്ദീപിനെയാണ്. പിന്നെ പാമ്പു പിടുത്തം കഴിഞ്ഞേയുള്ളു വോട്ട് പിടുത്തം. നാലുവർഷം മുമ്പാണ് അത്തോളി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് അംഗം സന്ദീപ് പാമ്പുപിടിത്തത്തിലേക്ക് ഇറങ്ങിയത്. അതിനൊരു കാരണവുമുണ്ട്.

പാമ്പ് വന്നാൽ ഫോറസ്റ്റിലേക്ക് വിളിക്കും. എന്നാൽ ഫോറസ്റ്റ് നിന്നും ആളുകൾ പാമ്പിനെ പിടിക്കാൻ എത്താൻ ഏറെ വൈകും. വളരെ സമയനഷ്ടം ഉണ്ടായതിന് പിന്നാലെയാണ് പാമ്പ് പിടിത്തം തുടങ്ങിയതെന്നാണ് സന്ദീപ് പറയുന്നത്. നാട്ടിൽ എവിടെയെങ്കിലും പാമ്പ് വന്നാൽ ഒന്ന് വിളിച്ചാൽ മാത്രം മതി, പാമ്പിനെ പിടിക്കാനുള്ള സാമഗ്രികളുമായി ഏതു നട്ടപ്പാതിരക്കും സന്ദീപ് സ്ഥലത്തെത്തും. അത്തോളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നും രണ്ടുതവണ ജനപ്രതിനിധിയായിട്ടുണ്ട് സന്ദീപ്.

സന്ദീപ് പിടികൂടിയ പാമ്പുകളുടെ ലിസ്റ്റ് കണ്ടാൽ ഞെട്ടും. പെരുമ്പാമ്പ്, മൂർഖൻ, അണലി തുടങ്ങി നിരവധി പാമ്പുകളെ സന്ദീപ് പിടികൂടിയിട്ടുണ്ട്. പിടികൂടിയ പാമ്പുകളെയെല്ലാം ഇദ്ദേഹം തന്നെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ച് കൈമാറും. ഫോറസ്റ്റ് വകുപ്പിൽ നിന്നും രണ്ടുദിവസത്തെ ട്രെയിനിങ്ങിന് ശേഷമാണ് മെമ്പർ പാമ്പിനെ പിടിക്കാനായി ഇറങ്ങി തുടങ്ങിയത്.

ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ അത്തോളി ബ്ലോക്ക് പഞ്ചായത്തിലേയ്ക്കാണ് മത്സരം. അതിന്റെ പ്രചാരണ തിരക്കിലാണ്. എന്നാലും പാമ്പിനെ പിടിക്കാനുണ്ടെന്ന് കേട്ടാൽ അങ്ങോട്ടു പോകും. പാമ്പ് പിടിക്കുന്നതാണോ വോട്ട് പിടിക്കുന്നതാണോ കഷ്ടമെന്ന് ചോദിച്ചാൽ സന്ദീപ് രണ്ടും ഇഷ്ടമാണെന്ന് പറയും.

SCROLL FOR NEXT