Source: Social Media
Local Body Poll

വിഭാഗീയതയും ജീവനൊടുക്കലും; തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തീരാ തലവേദന

രണ്ട് മരണങ്ങളും ബിജെപി വോട്ടർമാക്കും അനുഭാവികൾക്കും ഇടയിൽ വലിയ ചേരിതിരിവും അസംതൃപ്തിയുമാണ് ഉണ്ടാക്കിയത്.

Author : ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തീരാ തലവേദനയായി തിരുവനന്തപുരത്തെ ആത്മഹത്യകളും പാലക്കാട്ടെ വിഭാഗീയതയും. ആർഎസ്എസ് നേതാവ് ആനന്ദ് കെ.തമ്പിയും തിരുമല കൗണ്‍സിലറായിരുന്ന കെ. അനില്‍കുമാറും ജീവനൊടുക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കടുത്ത പ്രതിസന്ധിയിലാണ് തിരുവനന്തപുരം ബിജെപി.

ആർഎസ്എസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്ന നിലയിലാണ് കാര്യങ്ങൾ. പാലക്കാട് ആകട്ടെ ബിജെപിയിലെ വിഭാഗീയ കലാപം പൊട്ടിത്തെറിയിലെത്തി. പാർട്ടി പിടിച്ചടക്കാൻ സി. കൃഷ്ണകുമാർ വിഭാഗം ഏകപക്ഷീയമായി സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയെന്ന് നഗസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ആരോപിച്ചു. സി. കൃഷ്ണകുമാറും കൂട്ടരും തന്നെ ഒറ്റപ്പെടുത്തി ക്രൂശിക്കുകയാണെന്നും പ്രമീള ശശിധരൻ കുറ്റപ്പെടുത്തുന്നു.

രണ്ട് ആത്മഹത്യകൾ. സെപ്റ്റംബര്‍ 20 ന് തിരുമലയിലെ ബിജെപി നേതാവും തിരുമല കൗണ്‍സിലറുമായിരുന്ന കെ.അനില്‍കുമാര്‍ പാർട്ടി ഓഫീസിലാണ് ജീവനൊടുക്കിയത്. ബിജെപി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ക്രമക്കേടിൽ ബിജെപി നേതാക്കളുടെ പങ്കും ചതിയും എഴുതിവച്ചിട്ടാണ് അനിൽ കുമാർ ജീവനൊടുക്കിയത്. ഇതിൻ്റെ ആഘാതത്തിൽ നിന്ന് കരകയറും മുമ്പ്, നവംബർ 15ന് ആർഎസ്എസ് പ്രവർത്തകനായ ആനന്ദ് കെ. തമ്പിയും ജീവനൊടുക്കി. സീറ്റ് വാഗ്ദാനം നൽകിയതിന് ശേഷം തഴഞ്ഞതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ്. ബിജെപി, ആർഎസ്എസ് നേതൃത്വങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളും കുറിപ്പിൽ ഉണ്ടായിരുന്നു. രണ്ട് മരണങ്ങളും ബിജെപി വോട്ടർമാക്കും അനുഭാവികൾക്കും ഇടയിൽ വലിയ ചേരിതിരിവും അസംതൃപ്തിയുമാണ് ഉണ്ടാക്കിയത്.

ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലെന്ന് തളളിപ്പറഞ്ഞുകൊണ്ടാണ് നേതൃത്വം പ്രതിരോധത്തിന് ശ്രമിച്ചത്. ഇതിനെതിരെ കടുത്ത അതൃപ്തിയിലാണ് ആർഎസ്എസ് നേതൃത്വം. ആനന്ദിനെ തള്ളിപ്പറഞ്ഞ എസ്.സുരേഷിനെ നിശിതമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ആർഎസ്എസ് മണ്ഡൽ കാര്യവാഹക് അഖിൽ മനോഹർ എത്തി. പ്രവർത്തകരെ തിരിച്ചറിയാനാകാത്തത് നേതൃത്വത്തിൻ്റെ ദൗർബല്യമാണ്. മെമ്പർഷിപ്പില്ലാത്ത ആനന്ദിനെ പോലെയുള്ള നൂറുകണക്കിന് പ്രവർത്തകരുടെ അധ്വാനഫലമാണ് ജില്ലാ പ്രസിഡൻ്റ് ആയിരുന്നപ്പോൾ സുരേഷ് വച്ച തൊപ്പിയിൽ പൊൻതൂവലായി കൊണ്ടുനടന്ന കോർപ്പറേഷനിലെ 35 സീറ്റ്. ആനന്ദ് പ്രവർത്തകനല്ല എന്ന് ഒറ്റവാക്കിൽ തള്ളിപ്പറഞ്ഞതോടെ നൂറുകണക്കിന് പ്രവർത്തകരുടെ നെഞ്ചിലാണ് സുരേഷ് മുറിവേൽപ്പിച്ചത്.

അനിലിൻ്റേയും ആനന്ദിൻ്റേയും മരണത്തിൽ പ്രവർത്തകരാകെ പതറി നിൽക്കുകയാണെന്നും മണ്ഡൽ കാര്യവാഹക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.. ആർഎസ്എസ് നേതൃത്വും ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഒബിസി മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ബിന്ദു വലിയശാലയും ആനന്ദിനെ തള്ളിപ്പറഞ്ഞ നേതാക്കൾക്കെതിരെ കടുത്ത അമർഷം അറിയിച്ച് പോസ്റ്റിട്ടിരുന്നു

SCROLL FOR NEXT