കോഴിക്കോട്: കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം. വിനുവിന്റെ വാദങ്ങൾ പൊളിക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന്. 2020ൽ നടന്ന തെരഞ്ഞെടുപ്പിലും വി. എം. വിനുവിന് വോട്ടില്ല. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലാപ്പറമ്പിൽ വോട്ട് ചെയ്തു എന്നായിരുന്നു വിനു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മലാപ്പറമ്പ് ഡിവിഷനിൽ 2020ലെ വോട്ടർ പട്ടികയിലും വി.എം. വിനുവിൻ്റെ പേരില്ല എന്ന് തെളിയിക്കുന്ന രേഖയാണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.
കോർപ്പറേഷൻ മേയർ സ്ഥാനാർഥി വി.എം. വിനുവിൻ്റെ പേര് വോട്ടർപട്ടികയിൽ ഇല്ലാത്തതിൽ വലിയ വിവാദമാണ് നടക്കുന്നത്. പുതിയ പട്ടിക പുറത്തെത്തിയപ്പോഴാണ് കോൺഗ്രസ് സ്ഥാനാർഥിയായ വി.എം. വിനുവിൻ്റെ പേരില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. 45 വർഷത്തോളമായി വോട്ട് ചെയ്യുന്നുണ്ടെന്നും, തനിക്ക് വോട്ട് നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നുമായിരുന്നു വി.എം. വിനുവിൻ്റെ ചോദ്യം.
എന്നാൽ വിനുവിൻ്റെ വാദങ്ങൾ പാടെ തള്ളുന്ന രേഖകളാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്. 2020ലും 2023ലെ കരട് വോട്ടർ പട്ടികയിലും വിനുവിൻ്റെ പേരില്ലെന്ന് രേഖകളിൽ നിന്ന് വ്യക്തമായി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു വി.എം. വിനു കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടരുകയാണ് സ്ഥാനാർഥി വി. എം. വിനു. കല്ലായി ഡിവിഷനിൽ നിന്നുമാണ് വിനു ജനവിധി തേടുന്നത്. തൻ്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയോന്ന് പരിശോധിക്കേണ്ടതില്ലെന്നും, വർഷങ്ങളായി വോട്ട് ചെയ്യുന്നയാളാണ് താനെന്നും വിനു പ്രതികരിച്ചു. ഹൈക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.