പാലക്കാട്: സംസ്ഥാനത്ത് അതി നിർണായക രാഷ്ട്രീയ പോരാട്ടം നടക്കുന്ന നഗരസഭകളിലൊന്നാണ് പാലക്കാട്. പാലക്കാട് പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. വെൽഫെയർ പാർട്ടിയും എസ്‌ഡിപിഐയുമൊക്കെ ചില പോക്കറ്റുകളിൽ നിർണായക ശക്തികളാണ്. ഇത്തവണ ബിജെപിയിൽ നിന്ന് പാലക്കാട് പിടിക്കുമെന്നാണ് സിപിഐഎമ്മിൻ്റെ അവകാശവാദം. അതേസമയം, ആഭ്യന്തര കലഹമാണ് ബിജെപിയെ അലട്ടുന്ന മുഖ്യ പ്രതിസന്ധി.
പാലക്കാടിൻ്റെ ചരിത്രം തന്നെ ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ഒന്നര നൂറ്റാണ്ടു മുൻപ് 1865 ജൂലൈ മൂന്നിനാണ് മദിരാശി പ്രവശ്യയിലെ പട്ടണമായി പാലക്കാടിനെ പ്രഖ്യാപിച്ചത്. 1892 വരെ അസിസ്റ്റന്‍റ് കളക്ടർമാരായിരുന്നു ഭരണം നടത്തിയിരുന്നത്. 1892ൽ പി. ഐ. ചിന്നസ്വാമി പിള്ളയെ ചെയർമാനായി നിയമിച്ചു. 1912ൽ തെരഞ്ഞെടുപ്പ് നടക്കും വരെ ചിന്നസ്വാമി പിള്ള തന്നെയായിരുന്നു പാലക്കാടിൻ്റെ ചെയർമാൻ.
പിന്നീട് ആർ. ശേഖരമേനോൻ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ചെയർമാനായി. സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രട്ടീഷ് സർക്കാരിനോട് പ്രതിഷേധിച്ച് 1941 ഓഗസ്റ്റിൽ ചെയർമാൻ ഉൾപ്പെടെ 21 കൗൺസിലർമാർ രാജിവച്ച ചരിത്രവും പാലക്കാടിനുണ്ട്. പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ ആദ്യകാലം മുതൽ ജനസംഘത്തിന് വേരോട്ടം ഉണ്ടായിരുന്ന നഗരസഭയാണ് ഇപ്പോൾ ബിജെപി ഭരിക്കുന്നത്.
ബിജെപി 2015 മുതലാണ് ഭരിക്കുന്നതെങ്കിലും 2005ൽ തന്നെ ബിജെപിയുടെ വളർച്ച വ്യക്തമായിരുന്നു. 2005ൽ 14 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയായിരുന്നു. കോൺഗ്രസിന് 11, മുസ്ലിം ലീഗിന് 5, സിപിഐഎം 12 എന്നിങ്ങനെയായിരുന്നു മറ്റു പാർട്ടികളുടെ കക്ഷിനില. സ്വതന്ത്രരുടെ കൂടി പിന്തുണയോടെ കോൺഗ്രസും ലീഗും അന്നു ഭരിക്കുകയായിരുന്നു. അപ്പോഴും കേവല ഭൂരിപക്ഷത്തിന് ഏറെ അകലെയായിരുന്നു ഭരണം.
2010ൽ കേരളമെങ്ങും യുഡിഎഫ് തരംഗമുണ്ടായപ്പോൾ അത് പാലക്കാട്ടും പ്രതിഫലിച്ചു. കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും യുഡിഎഫ് 23 സീറ്റ് നേടി. ബിജെപി സീറ്റ് എണ്ണം 15 ആക്കി വർധിപ്പിച്ചു. എൽഡിഎഫ് എട്ടിലേക്കു ചുരുങ്ങുകയും ചെയ്തു. 24 സീറ്റുകൾ നേടിയാണ് 2015ൽ ബിജെപി ഭരണം പിടിച്ചത്. യുഡിഎഫ് 16 വാർഡുകളിലേക്കു ചുരുങ്ങി. എൽഡിഎഫിന് ആകെ കിട്ടിയത് ആറു ഡിവിഷനുകളും. ആറു സ്വതന്ത്രർ കൂടി ഉണ്ടായിരുന്നെങ്കിലും ഭരണം നിരവധി വെല്ലുവിളികൾ നേരിട്ടു.
2020ൽ എൻഡിഎ ആദ്യമായി കേവല ഭൂരിപക്ഷം നേടി. 52 വാർഡുകളിൽ 28 വാർഡുകളും ജയിച്ചാണ് ഭരണം പിടിച്ചത്. ഇത്തവണ ഭരണം അവസാനിക്കുമ്പോൾ ബിജെപി 28, കോൺഗ്രസ്12, മുസ്ലിം ലീഗ് 4, സിപിഐഎം 7, വെൽഫെയർ പാർട്ടി 1 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണ കോൺഗ്രസിൽ നിന്ന് ചിറ്റൂർ-തത്തമംഗംലം പിടിച്ചതുപോലെ ഇത്തവണ ബിജെപിയിൽ നിന്ന് പാലക്കാട് പിടിക്കുമെന്നാണ് സിപിഐഎം അവകാശപ്പെടുന്നത്. സ്ഥാനാർത്ഥി നിർണയത്തിലൊക്കെ അതു പരസ്യമായി പ്രകടമാവുകയും ചെയ്തു.