ശാലിനി സനിൽ 
Local Body Poll

നെടുമങ്ങാട് സ്ഥാനാർഥിത്വം നിഷേധിച്ചതിൽ ജീവനൊടുക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകയ്ക്ക് സീറ്റ് നൽകും; ശാലിനി സനിൽ മത്സരിക്കുക പനങ്ങോട്ടേല വാർഡിൽ

ആർഎസ്എസ് പ്രാദേശിക നേതൃത്വം ഉയർത്തിയ എതിർപ്പിനെ തുടർന്നാണ് സ്ഥാനാർഥിത്വം നിഷേധിച്ചതെന്ന് ശാലിനി ആരോപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകയ്ക്ക് സീറ്റ് നൽകും. നെടുമങ്ങാട് പനങ്ങോട്ടേല വാർഡിലാണ് ശാലിനി സനിൽ മത്സരിക്കുക. ആർഎസ്എസ് പ്രാദേശിക നേതൃത്വം ഉയർത്തിയ എതിർപ്പിനെ തുടർന്നാണ് സ്ഥാനാർഥിത്വം നിഷേധിച്ചതെന്ന് ശാലിനി ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി കൂടിയായ ശാലിനി സനിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. വ്യക്തിഹത്യ താങ്ങാനാകുന്നില്ലെന്ന് ശാലിനി പറഞ്ഞിരുന്നു. ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തി. പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ അപവാദം പറഞ്ഞു. പനങ്ങോട്ടേല വാർഡിൽ ബിജെപി തന്നെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചതെന്നും ശാലിനി സനിൽ പറഞ്ഞു.

നെടുമങ്ങാട് നഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ ആകെ 42 വാര്‍ഡുകളാണ് ഉള്ളത്. അതില്‍ ഏഴ് വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത ഏഴ് വാര്‍ഡുകളില്‍ ഒന്നായ പനയ്‌ക്കോട്ടല വാര്‍ഡിലേക്ക് മത്സരിക്കാന്‍ ശാലിനിയെ പരിഗണിച്ചിരുന്നു. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 26-ാം വാര്‍ഡ് ആണ് പനയ്‌ക്കോട്ടല.

ഈ വാര്‍ഡിലേക്ക് ബിജെപി പ്രവര്‍ത്തക ശാലിനിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നാലെ ആര്‍എസ്എസ് ശാലിനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT