Local Body Poll

ഒരേ സമയം പാർലമെൻ്റ് എംപിയും മന്ത്രിയും പഞ്ചായത്ത് പ്രസിഡൻ്റുമാകാൻ കഴിയുമോ; ആ രീതി കേരളത്തിൽ തിരുത്തപ്പെട്ടതെങ്ങനെ?

ഒരേ സമയം എംപിയും സംസ്ഥാന മന്ത്രിയും പഞ്ചായത്ത് പ്രസിഡൻ്റുമായ ഒരാളുണ്ട് കേരളത്തിൽ

Author : ന്യൂസ് ഡെസ്ക്

ഒരേസമയം പാർലമെന്‍റിൽ പ്രസംഗിക്കുകയും പഞ്ചായത്തിൽ പ്രസിഡന്‍റായിരിക്കുകയും സംസ്ഥാന മന്ത്രിയുടെ ഉത്തരവാദിത്തം വഹിക്കുകയും ചെയ്ത ഒരാളുണ്ട് കേരളത്തിൽ. ആരാണെന്ന് അറിയാം ഒപ്പം, ആ രീതി കേരളത്തിൽ എങ്ങനെ തിരുത്തപ്പെട്ടു എന്നുമറിയാം.

ഒരു പഞ്ചായത്ത് പ്രസിഡന്‍റിനു പാർലമെന്‍റിൽ പ്രസംഗിക്കാൻ കഴിയുമോ? അതേ കാലത്തുതന്നെ നിയമസഭയിലും പ്രസംഗിച്ചാലോ. അങ്ങനെ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരേ സമയം എംപിയും സംസ്ഥാന മന്ത്രിയും പഞ്ചായത്ത് പ്രസിഡൻ്റുമായ ഒരാളുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ അങ്ങനെ ഒരാളെയുള്ളു. അത് കേരളാ കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയാണ്.

ദീർഘകാലം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ആർ. ബാലകൃഷ്ണപിള്ള സംസ്ഥാന മന്ത്രിയുമായി. സംസ്ഥാന മന്ത്രിയായിരിക്കുമ്പോൾ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ച് എംപിയുമായി. ഏതെങ്കിലും ഒരു പദവി ആറുമാസത്തിനുള്ളിൽ രാജിവക്കണം എന്നു മാത്രമാണ് പറഞ്ഞിരുന്നത്. പാർലമെന്‍റിൽ പ്രസംഗിക്കുകയും പഞ്ചായത്തിൽ പ്രസിഡന്‍റായിരിക്കുകയും ചെയ്യുക മാത്രമല്ല ആറുമാസത്തോളം ബാലകൃഷ്ണപിള്ള ചെയ്തത്. സംസ്ഥാന മന്ത്രിയുടെ ഉത്തരവാദിത്തം വഹിക്കുകയും ചെയ്തു.

അന്നൊക്കെ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ അതു ദീർഘകാലം തുടരും. പഞ്ചായത്ത് തെരഞ്ഞെടുപ്പൊന്നും കൃത്യം അഞ്ചുവർഷം കൂടുമ്പോൾ നടത്താറില്ല. ഉത്തരവുകളിലൂടെ കാലാവധി ദീർഘിപ്പിക്കും. പലപ്പോഴും ഏഴു വർഷവും എട്ടുവർഷവും ഒക്കെ കൂടുമ്പോഴായിരിക്കും തെരഞ്ഞെടുപ്പ്. അതേ പഞ്ചായത്ത് ഭരണസമിതി തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന സ്ഥിതിയുമുണ്ട്.

ഇന്നത്തെപ്പോലെ സ്ത്രീ സംവരണം ഒന്നുമില്ല. പുരുഷന്മാർ തീരുമാനിക്കുന്നു. പുരുഷന്മാർ മൽസരിക്കുന്നു. പുരുഷന്മാർ തെരഞ്ഞെടുക്കപ്പെടുന്നു. അതായിരുന്നു അന്നത്തെ പഞ്ചായത്തുകൾ. അതേ സമിതി അതേ പ്രസിഡന്‍റിനെ തന്നെ അധികാരമേൽപ്പിക്കുകയും ചെയ്യും. അഞ്ചുപേരടങ്ങുന്ന സ്വയംഭരണ സമിതിയായിരുന്നു പണ്ടത്തെ പഞ്ചായത്ത്. ഇന്നത് 18 പേരും 23 പേരും വരെയായി.

1950ൽ തന്നെ തിരുക്കൊച്ചിയിൽ പഞ്ചായത്തുകൾ രൂപം കൊണ്ടു. അന്ന് 458 ഗ്രാമപഞ്ചായത്തുകളാണ് തിരുക്കൊച്ചിയിൽ ഉണ്ടായിരുന്നത്. മലബാർ പ്രദേശത്ത് അന്ന് 150 പഞ്ചായത്തുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അത് മദിരാശിയുടെ കീഴിലായിരുന്നു. പട്ടംതാണുപിള്ള സർക്കാരാണ് പഞ്ചായത്ത് ആക്ട് കൊണ്ടുവന്ന് 1962ൽ നടപ്പാക്കിയത്. അന്ന് 922 പഞ്ചായത്തുകളാണ് ഉണ്ടായിരുന്നത്.

1964 ഒക്ടോബർ ഒന്നിനാണ് ഈ ഭരണസമിതികൾ അധികാരമേറ്റത്. 1964 മുതൽ 1990 വരെ ഒരേ പ്രസിഡന്‍റ് ഉണ്ടായിരുന്ന നിരവധി പഞ്ചായത്തുകൾ കേരളത്തിൽ ഉണ്ടായിരുന്നു. 1990ലെ ജില്ലാ കൌൺസിൽ തെരഞ്ഞെടുപ്പും പിന്നീട് 1994ലെ പരിഷ്കാരവും വന്നതോടെയാണ് ആ സ്ഥിതി മാറിയത്. 2010 സ്ത്രീ സംവരണം വന്നതോടെയാണ് സ്ഥിരം പ്രസിഡന്‍റുമാരൊക്കെ വീട്ടിലിരിക്കാൻ തുടങ്ങിയത്.

SCROLL FOR NEXT