ആലപ്പുഴ: സ്ഥാനാര്‍ഥിത്വം നല്‍കിയില്ലെന്ന പരാതിക്ക് പിന്നാലെ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ജീവനൊടുക്കാൻ ശ്രമിച്ചു. നിരണത്ത് സി. ജയപ്രദീപ് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ യുഡിഎഫ് സ്ഥാനാർഥി ആക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെ പോസ്റ്റർ പ്രചരണമടക്കം ആരംഭിച്ചു. പ്രചരണം തുടങ്ങിയതിന് ശേഷം വാർഡിൽ മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു.
ജയപ്രദീപിനെയാണ് പ്രാദേശിക നേതൃത്വംസ്ഥാനാർഥിയായിട്ട് തീരുമാനിച്ചത്. വാർഡ് ഘടകകക്ഷിക്ക് കൊടുക്കേണ്ട സീറ്റാണ് എന്നും, തൽക്കാലം യുഡിഎഫിൻ്റെ സ്ഥാനാർഥി മാറി നിൽക്കണമെന്നും ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. പകരം കേരളാ കോൺഗ്രസിൻ്റെ സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തുവെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പറഞ്ഞു.