

കൊച്ചി: രാഷ്ട്രീയത്തില്‍ കന്നി അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരുമ്പനത്തിന്റെ സ്വന്തം കെ.പി. സജാത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പുണിത്തുറയിലെ നാലാം ഡിവിഷനില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് സജാത്.
38 വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമാണ് കെ.പി. സജാത്. എന്നാല്‍ ഇതാദ്യമായാണ് തെരഞ്ഞടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. സിപിഐഎമ്മിന്റെ കോട്ടയായ തൃപ്പൂണിത്തുറയിലെ നാലാം ഡിവിഷനില്‍ നിന്നാണ് സജാത് ജനവിധി തേടുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട നേതാവ് തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങുന്ന സന്തോഷത്തിലാണ് ഇരുമ്പനം നിവാസികള്‍. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.പി. സജാത് പറഞ്ഞു.
15-ാം വയസ്സില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് കെ.പി. സജാതിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് യുവജന പ്രസ്ഥാനങ്ങളിലൂടെയും സജാത് ജനങ്ങള്‍ക്കിടയില്‍ സുപരിചിതമായ മുഖമായി. 1985 ല്‍ ഇരുമ്പനത്ത് നടന്ന ഐതിഹാസിക കര്‍ഷക സമരത്തില്‍ പങ്കെടുത്ത സജാത്, അറസ്റ്റ് ചെയ്യപ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.