പാലക്കാട്: ഡിസിക്കെതിരെ ഗുരുതര ആരോപണവുമായി മഹിളാ കോൺഗ്രസ് നേതാവ്. പാലക്കാട്ടെ പല വാർഡുകളിലും പണം വാങ്ങി സീറ്റ് കച്ചവടം നടത്തിയെന്നാണ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രീജ സുരേഷ് ആരോപിക്കുന്നത്. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡിൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും പണം വാങ്ങി മറ്റൊരാൾക്ക് സീറ്റ് നൽകിയെന്ന് പ്രീജ സുരേഷ് പറഞ്ഞു.
ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ഇവിടെ ഇറക്കുമതി ചെയ്തത് കുത്തക മുതലാളിക്ക് വേണ്ടി മാത്രമാണ്. ഞങ്ങളെ പോലെയുള്ളവർ പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തിട്ടും ഇപ്പോൾ എന്തിന് എന്നുള്ള വഴിത്തിരിവിലാണ് ഇപ്പോൾ നിൽക്കുന്നത്. അതിനുള്ള മറുപടി എവിടെ നിന്ന് കിട്ടുമെന്നും തനിക്ക് അറിയില്ലെന്നും പ്രീജ സുരേഷ് വിശദീകരിച്ചു.
കൽപ്പാത്തി തേരിൻ്റെ അവസാന ദിവസം നേതാക്കളെല്ലാം ഒത്തുകൂടിയാണ് ഡീൽ ഉറപ്പിച്ചതെന്നും പ്രീജ ആരോപിച്ചു. ഈ കാര്യം നാട്ടിൽ മൊത്തം പ്രചരിപ്പിച്ചുവെന്നും അങ്ങനെയാണ് ഈ വിവരം അറിഞ്ഞതെന്നും പ്രീജ പറഞ്ഞു.