സിപിഐ- സിപിഐഎം  Source: Social Media
Local Body Poll

സീറ്റ് വിഭജനത്തിൽ സിപിഐഎം അവഗണന; പല്ലാരിമംഗലത്ത് യുഡിഎഫിനെ പിന്തുയ്ക്കാൻ ആലോചിച്ച് സിപിഐ

സിപിഐയുടെ പിന്തുണ ഇല്ലാത്തതിന് പുറമെ വിമത ഭീഷണിയും സിപിഐഎമ്മിന് വെല്ലുവിളിയാണ്.

Author : ന്യൂസ് ഡെസ്ക്

പല്ലാരിമംഗലം: എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാനൊരുങ്ങി സിപിഐ. സീറ്റ് വിഭജനത്തിലെ അവഗണനയാണ് ഇതിന് പ്രധാന കാരണം. ഇതിന് പുറമേ വിമത ശല്യവും സി പി ഐ എമ്മിന് തലവേദനയാണ്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പല്ലാരിമംഗലം പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐഎം പാടെ അവഗണിച്ചതാണ് ഇവിടെ മാറി ചിന്തിക്കാൻ സി പി ഐയെ പ്രേരിപ്പിക്കുന്നത്.

എൽ ഡി എഫ് കൺവെൻഷനിൽ സി പി ഐയെ പങ്കെടുപ്പിച്ചില്ല. പല്ലാരിമംഗലത്തിന് തൊട്ടടുത്ത പഞ്ചായത്തായ വാരപ്പെട്ടിയിൽ സീറ്റ് നൽകാമെന്ന് ആദ്യം വാഗ്ദാനം നൽകി. അവസാന നിമിഷം അതും നൽകിയില്ല. ഇതൊക്കെയും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. യുഡിഎഫിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് മുകൾ ഘടകമല്ലെ കാര്യങ്ങൾ തീരുമാനിക്കുന്നത്, ഒന്നിനും അവര് വിളിച്ചിട്ടില്ല, സഹകരിപ്പിക്കുന്നില്ലന്നായിരുന്നു സിപിഐയുടെ മറുപടി .

പല്ലാരിമംഗലം പഞ്ചായത്തിൽ കഴിഞ്ഞ തവണ സിപിഐ രണ്ടുസീറ്റിലാണ് മത്സരിച്ചത്. എന്നാൽ വിജയം നേടാൻ കഴിഞ്ഞില്ല. ഇനി സിപിഐയുടെ പിന്തുണ ഇല്ലാത്തതിന് പുറമെ വിമത ഭീഷണിയും സിപിഐഎമ്മിന് വെല്ലുവിളിയാണ്. സിപിഐ എം ലോക്കൽ കമ്മറ്റി അംഗവും, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ഒ.ഇ. അബ്ബാസ് ആണ് റിബൽ ആയി മത്സരിക്കുന്നത്.

കഴിഞ്ഞ തവണ സിപിഐഎം പാനലിൽ ജയിച്ച അബ്ബാസ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയാണ്. പ്രാദേശീക വിഭാഗീയതയെ തുടർന്ന് അബ്ബാസിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതാണ് അബ്ബാസ് ഇത്തവണ റിബലായി രംഗത്തെത്താൻ കാരണം.

SCROLL FOR NEXT