ആലപ്പുഴ: രാമങ്കരിയില്‍ ഇടത് മുന്നണിയെ വെട്ടിലാക്കി സിപിഐഎം-സിപിഐ തുറന്ന പോര്. ആവശ്യപ്പെട്ട സീറ്റ് സിപിഐഎം നല്‍കാത്തത് ധാര്‍ഷ്ട്യമാണെന്ന് കുറ്റപ്പെടുത്തി, തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ പ്രാദേശിക നേതൃത്വം വ്യക്തമാക്കി. സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐഎം. എല്‍ഡിഎഫിലെ തര്‍ക്കം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
സിപിഐഎമ്മിലെ വിഭാഗീയത മൂലമാണ് കഴിഞ്ഞ വര്‍ഷം രാമങ്കരിയില്‍ എല്‍എഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്. പിന്നാലെ പാര്‍ട്ടി വിട്ട രാമങ്കരി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍. രാജേന്ദ്രകുമാര്‍ സിപിഐക്ക് ഒപ്പം ചേര്‍ന്നു. അന്ന് സിപിഐഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവരില്‍ നാല് സിപിഐഎം മെമ്പര്‍മാരും ഉണ്ടായിരുന്നു.
ഇക്കുറി സീറ്റ് വിഭജനത്തില്‍ അഞ്ച് സീറ്റ് ആണ് സിപിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു സീറ്റ് നല്‍കാമെന്നായിരുന്നു സിപിഐഎം നിലപാട്. ഇതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഐ തീരുമാനിച്ചത്.
കഴിഞ്ഞ തവണ മത്സരിച്ച രണ്ട് വാര്‍ഡിലും സിപിഐ തോറ്റു, ഇത്തവണ ഒന്നില്‍ കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന നിലപാടില്‍ സിപിഐഎം ഉറച്ചതോടെയാണ് കാര്യങ്ങള്‍ തുറന്ന പോരിലേക്ക് എത്തിയത്. സിപിഐയുടെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാണ് നീക്കം.
ഇടത് മുന്നണിയിലെ പോര് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അനുനയ ചര്‍ച്ചകള്‍ പാളിയതോടെ യുഡിഎഫ് സിപിഐയെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.