പ്രമീള ശശിധരൻ 
Local Body Poll

പാലക്കാട് ബിജെപിയിൽ തർക്കം രൂക്ഷം; "സ്ഥാനാർഥി പട്ടിക ഏകപക്ഷീയം"; സി. കൃഷ്ണകുമാർ പക്ഷത്തിനെതിരെ പ്രമീള ശശിധരൻ

സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിക്കുമെന്നും പ്രമീള ശശിധരൻ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സ്ഥാനാർഥി പട്ടികയെചൊല്ലി ബിജെപിയിൽ കലാപം മൂർച്ഛിക്കുന്നു. സി. കൃഷ്ണകുമാർ പക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രംഗത്തെത്തി. സ്ഥാനാർഥി പട്ടിക ഏകപക്ഷീയമാണെന്നാണ് പ്രമീളയുടെ പക്ഷം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ മുൻ ചെയർപേഴ്സൺ പ്രമീള ശശിധരനും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവൻരാജനും സീറ്റ് നൽകിയിരുന്നില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി ധാരണ മുതൽക്കെ പാലക്കാട് ബിജെപിയിൽ ഭിന്നത തുടങ്ങിയിരുന്നു. ഇത്തവണ സ്ഥാനാർഥികളിൽ ഭൂരിഭാഗവും സി. കൃഷ്ണകുമാർ പക്ഷത്തുള്ളവരാണ്. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയെന്നാണ് പ്രമീള ശശിധരൻ്റെ ആരോപണം.

ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത്. സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

എന്നാൽ വിഷയത്തിൽ പ്രതികരണത്തിനില്ലെന്ന് സി. കൃഷ്‌ണകുമാർ പറഞ്ഞു. സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്തിയത് ഞാൻ മാത്രമല്ലെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. അതേസമയം സ്ഥാനാർഥി പട്ടികയിൽ പ്രശാന്ത് ശിവനും മിനി കൃഷ്ണകുമാറും ഇടം നേടിയിട്ടുണ്ട്.

SCROLL FOR NEXT