ഉപജീവന മാർഗവും തെരഞ്ഞെടുപ്പ് പ്രചാരണവും ഒരുമിച്ച് കൊണ്ട് പോകുന്ന ഒരു സ്ഥാനാർഥിയുണ്ട് കൊല്ലത്ത്. കോർപ്പറേഷനിലെ കോളേജ് ഡിവിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി അനിൽ കുമാറാണ് രാത്രി ജോലിക്ക് പോയി രാവിലെ പ്രചാരണ പ്രവർത്തനവുമായി തെരഞ്ഞെടുപ്പ് കളത്തിലുള്ളത്.
പുലർച്ചെ വരെ കൊല്ലം നഗരത്തിലെത്തുന്നവർക്ക് വീട്ടിലെത്താൻ അനിലും ഓട്ടോയും ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിലുണ്ടാകും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയാക്കിയതോടെ വിശ്രമം ഇല്ലാതെ ഓടുകയാണ് അനിലും, അനിലിൻ്റെ ഓട്ടോയും.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ അനിൽകുമാറിനെ കോളേജ് ഡിവിഷനിലെ സ്ഥാനാർഥിയാക്കിയപ്പോൾ ആ ദൗത്യം അനിൽ കുമാർ ഏറ്റെടുത്തു. സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനാണ് അനിൽകുമാറിനെ പാർട്ടി രംഗത്തിറക്കിയത്.
പുലർച്ചെ ആറ് മണി വരെ അനിൽ ഓട്ടോ ഓടിക്കും.അതിന് ശേഷം പ്രചാരണത്തിൽ സജീവമാകും. വീടുകൾ കയറിയിറങ്ങി വോട്ട് ഉറപ്പിക്കും.