കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ കോർപ്പറേഷനിൽ എല്ലാ കണ്ണുകളും യുഡിഎഫ് വിമത ശല്യം നേരിടുന്ന മൂന്ന് ഡിവിഷനുകളിലാണ്. ആദികടലായി ഡിവിഷനിൽ മുസ്ലീം ലീഗിന്റെ മുതിർന്ന നേതാക്കൾ നേരിട്ടിറങ്ങിയാണ് റിജിൽ മാക്കുറ്റിക്കായുള്ള പ്രചാരണം. എൽഡിഎഫിനെ നേരിടുന്നതിന് പകരം സ്വതന്ത്രനായ തനിക്കെതിരെ പ്രചാരണം നടത്തുന്നത് പരാജയഭീതി കൊണ്ടെന്നാണ് വിമത സ്ഥാനാർഥി മുഹമ്മദ് അലിയുടെ പ്രതികരണം.
ആദികടലായിയിൽ ആദിയേതുമില്ലെന്നാണ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും യുഡിഎഫ് പറയുന്നത്. നാടുണർത്തിയുള്ള പ്രചാരണവും അതേസമയം സജീവമാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലീം ലീഗ് നേതാക്കളാണ് ആദിക്കടലായിയിൽ യുഡിഎഫിന്റെ സ്റ്റാർ ക്യാമ്പയിനർമാർ. കണ്ണൂർ കോർപ്പറേഷനിൽ മുപ്പത്തിയെട്ടാം ഡിവിഷനിൽ പ്രമുഖ നേതാവ് റിജിൽ മാക്കുറ്റി മത്സരിക്കുന്നു എന്നതിനപ്പുറം മുസ്ലീം ലീഗ് നേതൃത്വത്തെ തള്ളി മത്സര രംഗത്തുള്ള വിമതൻ മുഹമ്മദ് അലി കൂടിയാണ് ഈ പ്രചാരണ ആവേശത്തിന്റെ കാരണം. വിമതൻ തലവേദനയാകില്ലെന്ന് യുഡിഎഫ് പറയുന്നു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ചരിത്രം രചിക്കുമെന്ന് ഉറപ്പ് പറയുന്നു റിജിൽ മാക്കുറ്റി.
സിപിഐയിലെ എം.കെ. ഷാജിയാണ് എൽഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിനെ നേരിടാതെ തന്നെ നേരിടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കുന്നത് രാഷ്ട്രീയ മണ്ടത്തരമെന്നാണ് മുഹമ്മദ് അലിയുടെ വിമർശനം.
ആൾക്കൂട്ടമില്ലാതെ, ബഹളങ്ങളില്ലാതെ വീടുകൾ കയറിയാണ് വിമതന്റെ പ്രചരണമെങ്കിലും 40 വർഷത്തിലേറെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള മുഹമ്മദ് അലി ആദികടലായിയിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കാൻ സാധ്യത കൂടുതലാണ്. യുഡിഎഫ് ജയിച്ചാൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള നിലവിലെ ഡെപ്യുട്ടി മേയർ അഡ്വ. പി ഇന്ദിരയ്ക്കും വിമത സ്ഥാനാർഥി വെല്ലുവിളിയാണ്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെ.എൻ. ബിന്ദുവിന്റെ പ്രാദേശിക സ്വാധീനം തള്ളിക്കളയാനാവില്ല യുഡിഎഫിന്. വാരം ഡിവിഷനിൽ കെ.പി. താഹിറിനെതിരെ മത്സരിക്കുന്ന റയീസ് അസ്അദിയും വിജയ പ്രതീക്ഷയിലാണ്. കോർപ്പറേഷൻ നിലനിർത്താമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോർപ്പറേഷൻ പിടിക്കാൻ സകല ആയുധങ്ങളും എൽഡിഎഫ് പുറത്തെടുത്തിട്ടുണ്ട്. ഭാവിയിൽ കണ്ണൂരിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളുടെ ത്രീഡി മാതൃക ഇരുവിഭാഗവും പുറത്തിറക്കി.
ഏറ്റവും അടിത്തട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിജെപി വോട്ടും സീറ്റും വർധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷന്റെ മനസ് എങ്ങോട്ടെന്നത് രാഷ്ട്രീയ കേരളത്തിനും കൗതുകമാണ്.