കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ കണ്ണൂരിൽ എൽഡിഎഫിന് ഒൻപതിടത്ത് എതിരാളികളില്ല. പത്രിക നൽകാൻ ആളില്ലാത്തത് കൊണ്ടല്ല സിപിഐഎം ഭീഷണിയെ തുടർന്നാണ് സ്ഥാനാർഥികൾ ഇല്ലാതെ പോയതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
കണ്ണപുരം പഞ്ചായത്ത് 10 ആം വാർഡായ തൃക്കോത്തെ യുഡിഎഫ് സ്ഥാനാർഥി എൻ. എ. ഗ്രേസിയുടെ പത്രിക തള്ളി. ഇതോടെ എൽഡിഎഫിലെ പ്രേമ സുരേന്ദ്രന് എതിരില്ലാതെയായി. 3-ാം വാർഡായ കണ്ണപുരം സെൻ്ററിൽ സാങ്കേതിക പ്രശനങ്ങളെ തുടർന്നാണ് യുഡിഎഫ് സ്ഥാനാർഥി ഷെറി ഫ്രാൻസിസ് പത്രിക പിൻവലിച്ചത്.
മലപ്പട്ടം പഞ്ചായത്തിൽ 12 ആം വാർഡായ കൊവുന്തലയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രികയും തളളി. സ്ഥാനാർഥിയുടെ ഒപ്പ് വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതോടെ എൽഡിഎഫ് സ്ഥാനാർഥി എം. വി. ഷിഗിനയെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
അതേസമയം നേരിട്ട് ഹാജരായി റിട്ടേണിങ് ഓഫീസറുടെ മുന്നിൽ സ്ഥാനാർഥി ഒപ്പുവെച്ചിട്ടും വ്യാജമാണെന്ന് സിപിഐഎം ആരോപിച്ചെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും തന്നെയും സിപിഐഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും യുഡിഎഫിനായി പത്രിക സമർപ്പിച്ച നിത്യശ്രീ ആരോപിച്ചു.
ആന്തൂർ നഗരസഭയിൽ സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസ് ആരോപണം. കണ്ണൂരിൽ സിപിഐഎം ജനാധിപത്യ കശാപ്പാണ് നടത്തുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് വിമർശിച്ചു. എന്നാൽ ആന്തൂരിൽ ആരെയും തട്ടിക്കൊണ്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും പത്രിക നൽകാൻ പോലും ആളില്ലാത്തതിൻ്റെ ജാള്യതയിലാണ് ആരോപണമെന്നും മുൻ നഗരസഭ ചെയർമാനും സിപിഐഎം നേതാവുമായ പി. കെ. ശ്യാമള മറുപടി നൽകി.
എതിർ സ്ഥാനാർഥികൾ പത്രിക നൽകാത്തതിനെ തുടർന്ന് ആന്തൂർ നഗരസഭയിലും, മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലും രണ്ട് വീതം സീറ്റുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിയിരുന്നു. ആന്തൂർ നഗരസഭയിൽ നാമനിർദേശ പത്രികയിലെ ഒപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാല് പത്രികകൾ മാറ്റിവെച്ചിരിക്കുകയാണ്. ഇവ സ്വീകരിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം ഉണ്ടാകും. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ കണ്ണൂരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.