Local Body Poll

ഇടത് കോട്ടയായ മലപ്പട്ടം പഞ്ചായത്ത്; കിട്ടിയ ഒരു സീറ്റിന്റെ ആത്മവിശ്വാസത്തില്‍ യുഡിഎഫ്; മുഴുവന്‍ വാര്‍ഡും നേടുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ്

പ്രതിപക്ഷമില്ലാതെ കാലങ്ങളോളം എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്

Author : ന്യൂസ് ഡെസ്ക്

സിപിഐഎമ്മിന്റെ ഉറച്ച കോട്ടയായ കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് സിപിഐഎം. ഇത്തവണ 12 വാര്‍ഡുകളില്‍ മത്സരത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസ്സ്. പ്രതിപക്ഷമില്ലാതെ കാലങ്ങളോളം എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് മത്സരിക്കുന്നത്. എന്നാല്‍ കഴിഞ്ഞതവണത്തെ കൈപ്പിഴ ആവര്‍ത്തിക്കില്ലെന്നും മുഴുവന്‍ വാര്‍ഡുകളും വിജയിക്കുമെന്നും ഉറപ്പ് പറയുന്നു എല്‍ഡിഎഫ്.

വളപട്ടണം പുഴയാല്‍ മൂന്ന് ഭാഗവും ചുറ്റപ്പെട്ട ഒരു തുരുത്ത്. കമ്മ്യൂണിസ്റ്റ്-കര്‍ഷക സമര പോരാട്ടത്തില്‍ ഇന്നും ഊറ്റം കൊള്ളുന്ന ചുവന്ന മണ്ണ്. കണ്ണൂരിലെ സിപിഐഎം പാര്‍ട്ടി ഗ്രാമങ്ങളുടെ ഉദാഹരണമായി ബിജെപിയും കോണ്‍ഗ്രസും എന്നും പറയുന്ന നാട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് കണ്ണൂരിലെ മലപ്പട്ടവും. സിപിഐഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്‍കാന്‍ പോലും ആളില്ലാതിരുന്ന കാലത്ത് നിന്ന് 14 ല്‍ 12 വാര്‍ഡുകളിലേക്ക് കോണ്‍ഗ്രസ്സ് മത്സരിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വരെ പ്രതിപക്ഷമില്ലാതെ സിപിഐഎം ഭരിച്ചിരുന്ന പഞ്ചായത്താണ് മലപ്പട്ടം. 2000ലും 2020ലും ഒരോ വാര്‍ഡുകളില്‍ ജയിച്ചത് മാത്രമാണ് യുഡിഎഫിന്റെ ചരിത്രം. 2020 ല്‍ അഡൂര്‍ വാര്‍ഡിലൂടെ ലഭിച്ച ഒരു സീറ്റും ഇത്തവണ ലഭിക്കില്ലെന്ന് ഉറപ്പ് പറയുന്നു സിപിഐഎം.

അഡുവാപ്പുറത്തെ ഗാന്ധി സ്തൂപം സിപിഐഎം തകര്‍ത്തെന്ന ആരോപണവും പിന്നാലെ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ പദയാത്രയിലെ സംഘര്‍ഷവും മലപ്പട്ടത്തെ ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറച്ചു. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതൃത്വമാകെ മലപ്പട്ടത്തെത്തി.ഈ തിരഞ്ഞെടുപ്പില്‍ സമീപ പഞ്ചായത്തുകളിലടക്കം കോണ്‍ഗ്രസ്സ് ഈ വിഷയം ചര്‍ച്ചയാക്കുകയാണ്. മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പാര്‍ക്കിനെ ചൊല്ലിയും തെരഞ്ഞെടുപ്പ് പോര് കടുത്തു.

14 വാര്‍ഡുകളാണ് മലപ്പട്ടത്ത് ഉള്ളത്. കാര്‍ഷിക മേഖലയാണ് പ്രധാന വരുമാന മാര്‍ഗ്ഗം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരുള്ള പഞ്ചായത്തുകളില്‍ ഒന്നും മലപ്പട്ടം തന്നെ. സാംസ്‌കാരിക രംഗത്തും മലപ്പട്ടത്തിന് ഒരു പ്രത്യേകതയുണ്ട്. എല്ലാ വാര്‍ഡുകളിലും ഒരു വായനശാലയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട് ഈ ഗ്രാമത്തില്‍. അടിയുറച്ച കമ്മ്യൂണിസ്റ്റ് ബോധത്തില്‍ നിന്ന് ഒരിക്കലും മാറി നടക്കാത്ത മലപ്പട്ടത്ത് ഇക്കുറി മാറ്റമുണ്ടാകുമോ എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിന്റെ കൗതുകം.

SCROLL FOR NEXT