Local Body Poll

സര്‍ക്കാര്‍ കേന്ദ്രത്തോട് അടിയറവ് പറഞ്ഞു; മോദി കൊണ്ടുവരുന്ന നയങ്ങള്‍ അവര്‍ക്കും മുന്നേ നടപ്പാക്കി മാതൃകയായി: വിമര്‍ശിച്ച് കെ.സി. വേണുഗോപാല്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ല.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടിയതിന് പിന്നാലെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സി. വേണുഗോപാല്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ല. ഓരോ പ്രവര്‍ത്തനങ്ങളിലും അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളെ എങ്ങനെ വെറുപ്പിക്കാം എന്നതാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

നിലപാടുകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അടിയറവ് പറയുന്ന നിലയാണ് ഉണ്ടായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്കുണ്ടായ വിജയത്തില്‍ ഞങ്ങള്‍ക്ക് ആഹ്ലാദമൊന്നുമില്ല. കാരണം തിരുവനന്തപുരം കോര്‍പ്പറേഷന്‍ അവര്‍ നേടാനുണ്ടായ സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. തൃശൂര്‍ പാര്‍ലമെന്റിലേക്ക് ഒരു അംഗത്തെ ഉണ്ടാക്കാനിടയുള്ള കാര്യം എന്താണെന്ന് നമുക്ക് അറിയാം. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷനും ബിജെപിക്ക് കൊടുക്കാന്‍ ഒരേ ഒരു കാരണമേയുള്ളു. അത് പിണറായി സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.

പിഎം ശ്രീ, ലേബര്‍ കോഡ്, ദേശീയ പാതാ അഴിമതി എന്നിവയില്‍ ഒക്കെ കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് സിപിഐഎം അണികളില്‍ പോലും അവരെ പിന്തുണയ്ക്കാമെന്ന നിലയിലുള്ള ചിന്ത ഉണ്ടാക്കിയിട്ടുണ്ട്. കാരണം സോഫ്റ്റ് ആയ സമീപനം നേതാക്കള്‍ സ്വീകരിക്കുമ്പോള്‍ അണികള്‍ക്കും അങ്ങനെ ചിന്തിക്കാമല്ലോ. അതുകൊണ്ടല്ലേ അവിടുത്തെ സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങള്‍ എല്ലാം ഒലിച്ചു പോയത് എന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

കഴിഞ്ഞ കുറേ നാളുകളായി സിപിഐഎം അവരുടെ അണികള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണ്. മോദി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നതിനും മുമ്പായി നടപ്പാക്കി കാണിച്ചുകൊടുക്കുകയായിരുന്നില്ലേ എന്നും കെ.സി. വിമര്‍ശിച്ചു.

അവസരത്തിനൊത്ത് മാറേണ്ടതല്ല രാഷ്ട്രീയ നയങ്ങള്‍. അതിന്റെ ഫലമാണ് തിരുവനന്തപുരം ബിജെപിക്ക് കിട്ടിയത്. എന്തുവന്നാലും ഞങ്ങളുടെ നിലപാട് ആണ് ശരിയെന്ന വാശിയാണ്. 2019 മുതല്‍ നടക്കുന്ന കൊള്ളയെ പ്രോത്സാഹിപ്പിച്ചത് സിപിഐഎം നയിക്കുന്ന ദേവസ്വം ബോര്‍ഡ് ആണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അത് ആരും കണ്ട് പിടിക്കില്ലായിരുന്നു. അതിന്റെ അന്വേഷണം മുന്നോട്ട് പോകാതിരിക്കാന്‍ നടത്താവുന്ന എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടോ അതെല്ലാം അവര്‍ ചെയ്‌തെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

SCROLL FOR NEXT