കോഴിക്കോട്: 2020ൽ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദത്തിൽ ഉറച്ച് കോഴിക്കോട് കോർപ്പറേഷൻ കോൺഗ്രസ് സ്ഥാനാർഥി വി.എം. വിനു. ഒരിക്കൽ ചെയ്ത വോട്ട് എങ്ങനെ ഇല്ലാതാകുമെന്നാണ് വി.എം. വിനുവിൻ്റെ ചോദ്യം. വോട്ടർ പട്ടികയിൽ തൻ്റെ അയൽക്കാരടക്കമുണ്ടെങ്കിലും, താൻ മാത്രമില്ല. വീടും താനും ഭൂമിയുടെ അടിയിലേക്ക് താഴ്ന്ന് പോയോ എന്നും വിനു ചോദിച്ചു.
"2020ൽ ഞാൻ വോട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനടുത്തുള്ള ബൂത്ത് നമ്പർ നാലിലാണ് വോട്ട് ചെയ്തത്. അയൽക്കാരുടെയെല്ലാം പേര് പട്ടികയിൽ കാണുന്നുണ്ട്. ഞങ്ങൾ മാത്രം എവിടെ? ഞാനും വീടുമെല്ലാം ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയോ? കോർപ്പറേഷനിൽ നിന്ന് ആരോ പേര് മനപൂർവം നീക്കം ചെയ്തെന്നാണ് തോന്നുന്നത്," വി.എം. വിനു മാധ്യമങ്ങളോട് പറഞ്ഞു.
ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാറും വി.എം. വിനു വോട്ട് ചെയ്തെന്ന് ആവർത്തിച്ചു. 2020 ലെ വോട്ടർ പട്ടിക സൈറ്റിൽ കാണാനില്ല. കൃത്രിമത്വം നടന്നിട്ടുണ്ടെന്നും പ്രവീൺ കുമാർ പറഞ്ഞു. നടന്നത് വലിയ വോട്ട് ചോരിയാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നും കെ. പ്രവീൺ കുമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതേസമയം വി.എം. വിനുവിന്റെ വാദങ്ങൾ പൊളിക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. 2020ൽ നടന്ന തെരഞ്ഞെടുപ്പിലും വി. എം. വിനുവിന് വോട്ടില്ല. മലാപ്പറമ്പ് ഡിവിഷനിൽ 2020ലെ വോട്ടർ പട്ടികയിലും വി.എം. വിനുവിൻ്റെ പേരില്ല എന്ന് തെളിയിക്കുന്ന രേഖ ന്യൂസ് മലയാളം പുറത്തുവിട്ടു.