കോട്ടയം: ജില്ലയിൽ എൻഡിഎ ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളാണ് മുത്തോലിയും പള്ളിക്കത്തോടും. പള്ളിക്കത്തോട് പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാണ് എൻഡിഎ ഭരണം പിടിച്ചത്. എന്നാൽ ഇത്തവണ ബിജെപി വോട്ടുകളിൽ വിള്ളൽ വീഴ്ത്തി നേട്ടമുണ്ടാക്കാനാണ് എൽഡിഎഫിന്റെ ശ്രമം. കൈവിട്ട വാർഡുകൾ തിരിച്ചുപിടിക്കാൻ യുഡിഎഫും തയ്യാറെടുക്കുന്നുണ്ട്.
ഇരുപത് വർഷത്തിലധികം, യുഡിഎഫ് കൈവശം വെച്ച പഞ്ചായത്ത് കഴിഞ്ഞ തവണയാണ് എൻഡിഎ പിടിച്ചെടുത്തത്. 13 വാർഡുകളിൽ ഏഴിടത്ത് ജയിച്ചുകയറിയായിരുന്നു മുന്നേറ്റം. ആറ് വാർഡുകളിൽ ബിജെപിയും ഒരിടത്ത് ബിഡിജെഎസും ആണ് വിജയിച്ചത്. ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് 2020ലെ തെരഞ്ഞെടുപ്പിൽ രണ്ട് വാർഡുകളിലേക്ക് ചുരുങ്ങി. വീണ്ടും തെരഞ്ഞെടുപ്പെത്തുമ്പോൾ ഭരണം നിലനിർത്താൻ കഴിയുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
രണ്ട്, എട്ട്, പത്ത് വാർഡുകളിൽ എൻഡിഎ ജയിച്ചത് നിസാര വോട്ടുകൾക്കായിരുന്നു. ഈ വാർഡുകളിൽ ജനപ്രിയ സ്ഥാനാർഥികളെ ഇറക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിനായി കേരള കോൺഗ്രസ് എമ്മുമായി സീറ്റ് വെച്ചുമാറുന്നതിലടക്കം ധാരണയായിട്ടുണ്ട്.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ വോട്ടുകൾ വിഭജിച്ച് പോയതാണ് ഐക്യ ജനാധിപത്യമുന്നണിക്ക് തിരിച്ചടിയായത്. ഇത്തവണ സാഹചര്യം മാറിയെന്നും മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നുമാണ് യുഡിഎഫിന്റെ പ്രതീക്ഷ. ബിജെപി കയ്യടക്കിയ സീറ്റുകൾ തിരിച്ചുപിടിക്കാനുറച്ചാണ് നീക്കം. ഭരണം പിടിക്കാനുറച്ച് മൂന്നുമുന്നണികളും പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. മൂന്നുമുന്നണികളും സജീവമായതോടെ പള്ളിക്കത്തോട് പഞ്ചായത്തിൽ കനത്ത പോരാട്ടമുണ്ടാകുമെന്നുറപ്പ്.