തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൗതുകമായി മൂന്ന് നേതാക്കളുടെ കൂടിക്കാഴ്ച. തിരുവനന്തപുരം ജഗതി വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണനാണ് പ്രചരണത്തിനിടെ എ.കെ. ആന്റണിയോടും ആർ. ശ്രീലേഖയോടും വോട്ട് തേടിയത്. ആർ. ശ്രീലേഖ ആശംസകൾ നേർന്നപ്പോൾ ഞാൻ കോൺഗ്രസുകാരനാണെന്നായിരുന്നു ആന്റണിയുടെ മറുപടി.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമാതാരം പൂജപ്പുര രാധാകൃഷ്ണൻ പ്രചാരണ രംഗത്ത് സജീവമായി. ജഗതി വാർഡിലെ തെെക്കാട് ഭാഗത്തായിരുന്നു രാവിലെ പ്രചാരണം. രാവിലെ തന്നെ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ വീട്ടിലേക്കാണ് പോയത്. ആന്റണിയുടെ കാൽ തൊട്ട് അനുഗ്രഹം തേടാനും രാധാകൃഷ്ണൻ മറന്നില്ല. എന്നാൽ ആശംസകൾ പറയാൻ കഴിയില്ലെന്നും ഇഷ്ടമുള്ളയാളാണ് പക്ഷേ ഞാൻ കോൺഗ്രസുകാരനാണെന്നുമുള്ള രസകരമായ മറുപടിയാണ് ആന്റണി നൽകിയത്.
ആൻ്റണിയെ കണ്ട് പുറത്തേക്കിറങ്ങിയത്, വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയുടെ കാറിന് മുന്നിലേക്കായിരുന്നു. മടിച്ചില്ല. കാറിനടുത്തേക്ക് ചെന്ന് കുശലം പറഞ്ഞു. വോട്ടഭ്യർഥിക്കുകയും ചെയ്തു. പിന്നാലെ സ്ഥാനാർത്ഥികളായ ഇരുവരും പരസ്പരം ആശംസകൾ നേർന്നു.