പ്രതീകാത്മക ചിത്രം 
Local Body Poll

ജനവിധി അറിയാൻ മണിക്കൂറുകൾ ബാക്കി; രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍

മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടു മണിമുതൽ സംസ്ഥാനത്തെ 258 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. പിന്നാലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഇവിഎം വോട്ടുകൾ ഒരുമിച്ചെണ്ണും. ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്'ല്‍ തത്സമയം അറിയാന്‍ കഴിയും. പൂര്‍ണമായ ഫലം ഉച്ചയോട് കൂടെ ലഭ്യമാകുമെന്നാണ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. 36,034 പുരുഷന്മാരും 39,609 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമടക്കം 75,643 സ്ഥാനാർഥികൾ ജനവിധി തേടി. 244 കേന്ദ്രങ്ങളിലും 14 കളക്ടറേറ്റുകളിലുമായാണ് വോട്ടെണ്ണൽ.

വോട്ടെണ്ണൽ ആരംഭിച്ച് രാവിലെ എട്ടരയ്ക്ക് മുമ്പ് തന്നെ ഗ്രാമ പഞ്ചായത്ത് വാർഡുകളിലെ ഫലം വന്നു തുടങ്ങും. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി ഫലവും ഇതോടൊപ്പം അറിയാം. മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. 75,643 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക. കൗണ്ടിങ് ടേബിളിലെ കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍,സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികൾ അല്ലെങ്കിൽ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തും. പിന്നീടാണ് വോട്ടെണ്ണൽ ആരംഭിക്കുക. വരണാധികാരിയുടെ ടേബിളില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും.

സംസ്ഥാനത്തെ 2.86 കോടി വോട്ടർമാരിൽ 2.1 കോടി പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. 2020 ലെ തെരഞ്ഞെടുപ്പിനേക്കാൾ 2.26 ശതമാനം കുറവ് പോളിങ്ങാ ണ് രേഖപ്പെടുത്തിയതെങ്കിലും മുന്നണികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല . രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 73.69 ശതമാനം ആണ് പോളിങ് . വയനാട് ആണ് ഏറ്റവും കൂടിയ പോളിങ് ശതമാനം . കുറവ് പത്തനംതിട്ടയിലും . കോർപ്പറേഷനുകളിൽ കൂടുതൽ പോളിങ് ശതമാനം കണ്ണൂരിലാണ്.

അതേസമയം വോട്ടെണ്ണലിന് മുന്നോടിയായി കണ്ണൂരിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വിജയാഹ്ളാദ പരിപാടികൾക്ക് മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാക്കി. പാർട്ടി ഭാരവാഹികൾ ഉണ്ടായിരിക്കണമെന്നും കർശന നിർദേശമുണ്ട്.

അനുവദനീയമായ അളവിലുള്ള ശബ്ദം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്രകടനങ്ങളിൽ നാസിക്ക് ഡോൾ, ശബ്ദ മലിനീകരണം വരുത്തുന്ന മറ്റ് വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് പി. അറിയിച്ചു.

SCROLL FOR NEXT