Local Body Poll

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും; രാവിലെ 11 മുതൽ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം

നവംബര്‍ 21നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും. രാവിലെ 11 മുതൽ സ്ഥാനാർഥികൾക്ക് നേരിട്ടോ നിർദ്ദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബര്‍ 21നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.

നവംബര്‍ 24 വരെ പത്രിക പിൻവലിക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് ഈ മാസം 10 മുതൽ നിലവിലുണ്ട്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1,199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഡിസംബർ 9, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാകും വോട്ടെടുപ്പ്. 3,746 പോളിങ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

ഗ്രാമ തലത്തിൽ ഒരാൾക്ക് മൂന്ന് വോട്ടും, നഗരത്തിൽ ഒരു വോട്ടുമാണ് ചെയ്യാനാകുക. ഡിസംബർ 13 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 23,576 വാർഡുകൾ, 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്ത്, 87 നഗരസഭ, 14 ജില്ലാ പഞ്ചായത്ത്, ആറ് കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാകും തെരഞ്ഞെടുപ്പ് നടക്കുക.

SCROLL FOR NEXT