തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാതെ മുന്നണികൾ. പല ജില്ലകളിലും മുന്നണികൾ ഈ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എറണാകുളത്ത് എൽഡിഎഫിലും യുഡിഎഫിലും പ്രതിസന്ധി രൂക്ഷമാണ്. എറണാകുളത്ത് സിപിഐ പ്രചരണത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്, കോൺഗ്രസിനെതിരെ ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ പ്രവർത്തകർ പാർട്ടികൾ മാറി. തർക്കങ്ങൾ തുടരുന്നതിനിടെ കോഴിക്കോട് ഇന്ന് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് മുന്നണി അറിയിച്ചു. ഇക്കുറി സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകവും മത്സരത്തിനിറങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി.
സീറ്റ് വിഭജനം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് തൃക്കാക്കര മുൻസിപ്പാലിറ്റിയിൽ പ്രതിസന്ധി രൂക്ഷമായത്. അർഹമായ സീറ്റ് നൽകാത്തതിൽ സിപിഐ തൃക്കാക്കരയിലെ ഹെൽത്ത് സെൻ്റർ, സഹകരണറോഡ് എന്നീ വാർഡുകളെ ചൊല്ലിയാണ് എൽഡിഎഫിൽ തർക്കം ആരംഭിച്ചത്. ഈ രണ്ട് വാർഡുകളും കൈവിടാൻ സിപിഐഎം തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് പരിഹാരമാകാതെ വന്നത്. വിട്ടുവീഴ്ചയില്ലാതെ വന്നതോടെ സി പി ഐ പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.
അതേസമയം തിരുവനന്തപുരത്തെ സീറ്റ് തർക്കം സമവായത്തിലെത്തി. ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വം നടത്തിയ ചർച്ചയിൽ ജില്ലാ പഞ്ചായത്ത് സീറ്റിൽ സി പി ഐ എം മത്സരിക്കാനും, പകരം ബ്ലോക്ക് പഞ്ചായത്തിലെ രണ്ടു സീറ്റുകൾ സി പി ഐക്ക് നൽകാനും ധാരണയായി. പിന്നാലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഇതിനിടെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഒളിയമ്പുമായി പി.കെ. ശശി ഫേസ്ബുക്കിൽ കുറിപ്പെഴുതി. സ്പിരിറ്റും കള്ളും കൂട്ടിച്ചേർക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിൻ്റെ കെമിസ്ട്രി മനസിലാവില്ലെന്നായിരുന്നു ശശിയുടെ കുറിപ്പ്. മാർക്സിൻ്റെ ശവകുടീരത്തിന് സമീപം നിൽക്കുന്ന ചിത്രവും പി. കെ. ശശി പങ്കുവച്ചു. ഇത്തരം പോസ്റ്റുകളിടുന്നത് കൊണ്ടാണ് പി. കെ. ശശി ബ്രാഞ്ച് കമ്മിറ്റിയിലിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു തിരിച്ചടിച്ചു.
സീറ്റ് വീഭജനം പൂർത്തിയാക്കിയ കോഴിക്കോട് ജില്ലയിൽ ഇന്ന് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സിപിഎം 61 സീറ്റിലും സിപിഐഅഞ്ച് സീറ്റിലും എൻസിപി 3 സീറ്റിലും മത്സരിക്കും. ആർജെഡി -5, ഐഎൻഎൽ-1, നാഷണൽ ലീഗ്-1 എന്നിങ്ങനെയാണ് സീറ്റുകൾ വിഭജിച്ച് നൽകിയിട്ടുളളത്.
സ്ഥാനാർഥികളെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലേക്ക് എത്തിയ യുഡിഎഫിൽ, കലാപം ഇന്നും പരസ്യ പ്രതികരണമായി രംഗത്തെത്തി. വാഴക്കുളം പഞ്ചായത്തിൽ കോൺഗ്രസ്സും മുസ്ലിം ലീഗും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 24 സീറ്റുകളിൽ ആറ് സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടെങ്കിലും മൂന്ന് സീറ്റുകൾ നൽകാമെന്നായിരുന്നു കോൺഗ്രസ് നിലപാട്. ഇതിൽ പ്രതിഷേധിച്ചാണ് ലീഗ് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കോഴിക്കോട് മുക്കത്ത് യുഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിൽ തർക്കം മൂത്തു. ആവശ്യപ്പെട്ട സീറ്റുകൾ നൽകാത്തതിനെത്തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വെൽഫെയർ പാർട്ടി പ്രഖ്യാപിച്ചു. കുന്നംകുളത്ത് പൊലീസ് മർദനത്തിന് ഇരയായ വി. എസ്. സുജിത് യുഡിഎഫ് സ്ഥാനാർഥിയായി. ചൊവ്വന്നൂർ ഡിവിഷനിൽ നിന്നാണ് സുജിത്ത് മത്സരിക്കുന്നത്.
കൂത്താട്ടുകുളം നഗരസഭയിൽ സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന കലാ രാജുവിനെ സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർ ദീപ്തി കോൺഗ്രസ് വിട്ടു. എൽഡിഎഫിനൊപ്പം ചേർന്ന ദീപ്തി ഇക്കുറി രുപതാം വാർഡിൽ നിന്നും മത്സരിക്കും. അതേസമയം സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ തൃശൂർ കോർപ്പറഷനിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 29 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
വയനാട് പുൽപ്പള്ളിയിൽ ഐഎൻടിയുസി പ്രവർത്തകൻ്റെ മകൻ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൊഴിൽ വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ കൂട്ടമായി രാജിവച്ചു. ഒൻപത് തൊഴിലാളികളാണ് രാജി വച്ചത്. പത്തനംതിട്ട പന്തളത്ത് സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ. ഹരിയും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്.
അടൂരിൽ കോൺഗ്രസ് നേതാവും വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ കൃഷ്ണകുമാർ ബിജെപിയിലേക്ക് മാറി. തൃശൂരിൽ എൽ ഡി എഫ് കൗൺസിലർ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണണുമായ ഷീബ ബാബു ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടും പുറത്തുവന്നു. ഇക്കുറി സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകവും മത്സരത്തിനിറങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി. മത്സരിക്കാൻ തമിഴ്‌നാട് ഘടകത്തിൻ്റെ അനുമതി ലഭിച്ചതോടെയാണ് തീരുമാനം.