സീറ്റിലുടക്കിയുള്ള ചാട്ടം ഇനിയും അവസാനിച്ചിട്ടില്ല. ഇന്ന് മുന്നണി വിട്ടവർ കൃത്യമായി എതിർ പാളയത്തിൽ എത്തിയിട്ടുണ്ട്. ആരും ചാട്ടം പാതിവഴിക്ക് അവസാനിപ്പിച്ചിട്ടില്ല. നേതൃത്വത്തോടുള്ള അതൃപ്തിയും സ്ഥാനാർഥിയാക്കാത്തതിലെ അതൃപ്തിയും ഒക്കെ കാരണമാണ് ഇന്നത്തെ ചാട്ടങ്ങളൊക്കെ നടന്നത്...
രാഷ്ട്രീയത്തിൽ ആദർശമാണ് എല്ലാം എന്ന് പറയുമ്പോഴും, എല്ലാം മുന്നണിയിലും, സീറ്റ് എന്നതിലേക്ക് വരുമ്പോൾ, പലരും അതൃപ്തരാകാറുണ്ട്. ഇന്നത്തെ കൂറുമാറ്റങ്ങളിലേറെയും സ്ഥാനാർഥിത്വത്തിൽ അതൃപ്തരായവരാണ്. മുസ്ലീം ലീഗിന്റെ കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലർ കെ. റംലത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. മൂന്നാലിങ്കലിൽ നിന്ന് ആർജെഡി സ്ഥാനാർഥിയായാണ് മത്സരിക്കുക. റംലത്തിനൊപ്പം പാർട്ടി വിട്ട ലീഗ് പ്രവർത്തകരും ആർജെഡിയിൽ ചേർന്നിട്ടുണ്ട്.
അടുത്ത കാലുമാറ്റം അങ്ങ് ആലപ്പുഴയിലാണ്. ആലപ്പുഴ ഡിസിസി അംഗവും വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ വി.എം. അമ്പിളിമോൻ ബിജെപി അംഗത്വം സ്വീകരിച്ചു. കായംകുളം നഗരസഭയിലേക്ക് സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണ് പാർട്ടി വിട്ടത്.
ആലപ്പുഴയിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആള് മാറിയെങ്കിൽ, തൃശൂരിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിന്റെ പിന്തുണയോടെയുള്ള വിമതനാവുകയാണ് ഉണ്ടായത്. തൃശൂർ അരിമ്പൂരിൽ ബിജെപി നേതാവ് വിമതനായി മത്സരിക്കും. മുൻ സ്ഥാനാർഥിയും പ്രാദേശിക ബിജെപി നേതാവുമായ ശശീന്ദ്ര അനിൽകുമാറാണ് കോൺഗ്രസ് പിന്തുണയോടെ വിമത സ്ഥാനാർഥിയായി മത്സരത്തിന് ഒരുങ്ങുന്നത്. സ്ഥാനാർഥിയാക്കാഞ്ഞതിൽ പ്രതിഷേധിച്ചാണ് ശശീന്ദ്രയുടെ തീരുമാനം.
ഇതിനിടെ പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നു. സ്ഥാനാർഥി ആക്കാഞ്ഞതിൽ പ്രതിഷേധിച്ചാണ് നീക്കം. കോഴിക്കോട് അഴിയൂരിൽ ദമ്പതികളാണ് കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേക്കേറിയത്. മഹിളാ കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡൻ്റ് മഹിജ തോട്ടത്തിലും നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ തോട്ടത്തിൽ ശശിധരനുമാണ് ബിജെപി അംഗത്വമെടുത്തത്.
ഇതിൽ ഏറ്റവും രസകരം കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നതാണ്. പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ ഉമർ ഫറൂഖ് കീഴ്പ്പാറയാണ് ബിജെപിയിൽ അംഗത്വമെടുത്തത്.