യുഡിഎഫിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള കലഹവും കയ്യാങ്കളിയും തുടരുന്നു. പാലക്കാട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ തമ്മിലും മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലും കയ്യാങ്കളിയുണ്ടായി. കോഴിക്കോടും എറണാകുളത്തും സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞ് നിൽക്കുകയാണ് നേതാക്കൾ. ചിറയിൻകീഴിലെ സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് കളി ആരോപിച്ച് കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർ മണ്ഡലം ചുമതലയൊഴിഞ്ഞു. കൊല്ലത്ത് ലീഗിൻ്റെ സീറ്റിൽ ഇതുവരെ സ്ഥാനാർഥിയായില്ല.ജില്ലാ പഞ്ചായത്തിലേക്കുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഇടുക്കിയിൽ ആദ്യഘട്ട സ്ഥാനാർഥിളെ പ്രഖ്യാപിച്ചു.
പാലക്കാട് പിരായിരിയിലാണ് കോൺഗ്രസ് പ്രാദേശിക നേതാക്കൾ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കൊടുന്തിരപ്പുള്ളി വാർഡിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയാണ് തർക്കം. നിലവിലെ അംഗം ശിവപ്രസാദും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാദിഖ് ബാഷയുമായാണ് ഏറ്റുമുട്ടിയത്. മലപ്പുറം പെരുവള്ളൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലും കയ്യാങ്കളിയുണ്ടായി. മൂന്ന് ടേം വ്യവസ്ഥ ലംഘിച്ചുള്ള സ്ഥാനാർഥി നിർണയത്തിനെതിരായ പ്രതിഷേധമാണ് രാത്രി സംഘർഷത്തിലെത്തിയത്.
കോഴിക്കോട് ചെക്യാട് പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർഥി ചർച്ചയിലും സംഘർഷാന്തരീക്ഷമുണ്ടായി. പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടാൻ ശ്രമിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ പത്താം വാർഡിൽ UDF സ്ഥാനാർഥിയെ അവസാന നിമിഷം നാടകീയമായി മാറ്റി. കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഇഷ്ടക്കാരെ തിരുകികയറ്റാൻ ശ്രമമെന്ന് ആരോപിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിത്വത്തിൽ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ച് കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായർ ചിറയിൻകീഴ് മണ്ഡലം കോർ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനമൊഴിഞ്ഞു. DCC ജനറൽ സെക്രട്ടറി എം. ജെ. ആനന്ദും പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിൽ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് ഡിസിസിയുടെ തീരുമാനം. മാത്യു കുഴൽനാടൻ, അജയ് തറയിൽ, എം. ആർ. അഭിലാഷ് തുടങ്ങിയവരാണ് സ്ഥാനാർത്ഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തുള്ളത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കുമെന്നാണ് മുന്നറിയിപ്പ് . വയനാട്ടിൽ സീറ്റ് നിഷേധിച്ചതിൽ കടുത്ത അതൃപ്തിയിലാണ് യൂത്ത് കോൺഗ്രസ്. കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിനും, ജില്ലാ അധ്യക്ഷന്‍ അമല്‍ ജോയിക്കും സീറ്റ് നൽകിയില്ല . സംഘടനയുടെ എതിർപ്പിനെ തുടർന്ന് ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർഥി നിർണയം വൈകുകയാണ്. സീറ്റ് നിഷേധിച്ചതിലെ അതൃപ്തി അമൽ ജോയ് ഫേസ്ബുക്കിലൂടെ പരസ്യമാക്കി .
ഇടുക്കി ജില്ല പഞ്ചായത്തിലെ പൈനാവ് ഡിവിഷനിൽ വേണ്ടി വന്നാൽ മത്സരിക്കുമെന്ന് ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. കോൺഗ്രസ് പാർട്ടിയെ ഒറ്റു കൊടുത്തവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നു എന്നാണ് ആരോപണം. കൊല്ലം കോർപ്പറേഷനിൽ വാളത്തുംഗൽ ഡിവിഷനിൽ മുസ്ലിം ലീഗിന് ഇതുവരെ സ്ഥാനാർഥിയെ കണ്ടെത്താനായില്ല. യുഡിഎഫ് സ്വതന്ത്രനെ പ്രഖ്യാപിക്കണമെന്ന ലീഗിൻ്റെ ആവശ്യം തള്ളിയ കോൺഗ്രസ്, സീറ്റ് വിട്ട് നൽകണമെന്ന നിലപാടിലാണ്. കണ്ണൂർ കോർപറേഷനിൽ കോൺഗ്രസിൽനിന്ന് മുസ്ലിം ലീഗ് ചോദിച്ചുവാങ്ങിയ വാരം സീറ്റിൽ ലീഗ് വിമതനെത്തി.
വടകരയിലും ലീഗിന് വിമത സ്ഥാനാർഥി ഭീഷണിയാകുകയാണ്. വടകര നഗരസഭയിലെ വീരഞ്ചേരി വാർഡിലാണ് ലീഗ് വിമതൻ ജനവിധി തേടുന്നത്. വി.സി. നാസർ മാസ്റ്ററാണ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്നത്. അതിനിടെ ആലപ്പുഴയിൽ ജില്ലാ പഞ്ചായത്ത് സീറ്റ് ധാരണയായില്ല. ആലപ്പുഴ ജില്ലാ ലീഗ് നേതൃത്വം KPCC യെ പരാതി അറിയിച്ചിരിക്കുകയാണ്. ലീഗ് സംസ്ഥാന നേതൃത്വത്തെയും വിവരം അറിയിച്ചു. അമ്പലപ്പുഴ, പുന്നപ്ര ഡിവിഷനുകളിലാണ് സീറ്റ് ധാരണ വൈകുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയില്ല.