എൽവിയ ദേവസി Source: News Malayalam 24x7
Local Body Poll

ചേർപ്പിൽ വോട്ട് തേടി ജെൻ സി; എൽവിയ സ്ഥാനാർഥിയായത് 21-ാം വയസിൽ

തൃശൂർ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് എൽവിയ ദേവസി

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ജെൻ സി സ്ഥാനാർഥികളുടെയും വോട്ടർമാരുടെയും കൂടി തെരഞ്ഞെടുപ്പാണ്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് എൽവിയ ദേവസിയെന്ന 21 വയസുകാരി ജെൻ സി കിഡ്. ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ എൽവിയ സോഫ്റ്റ് ബേസ് ബോളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ കായിക താരം കൂടിയാണ്.

പഠനത്തിൻ്റെയും സ്പോർട്സിൻ്റെയും തിരക്കിട്ട ഷെഡ്യൂളുകൾക്ക് അവധി നൽകിയാണ് എൽവിയ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. വീടുവീടാന്തരം കയറണം വോട്ടർമാരെ കാണണം, നേരിട്ട് കാണാനാവാത്തവരോട് ഫോണിൽ വോട്ട് ചോദിക്കണം. അങ്ങനെ തിരക്കോട് തിരക്കിലാണ് സ്ഥാനാർഥിക്ക്.

21 വയസും മൂന്ന് മാസവും പ്രായമുള്ള എൽവിയയുടേത് പരമ്പരാഗത കോൺഗ്രസ് കുടുംബമാണ്. സിറ്റിംഗ് വാർഡായ ചൊവ്വൂർ ഈസ്റ്റ് ഇത്തവണ വനിത സംവരണ സീറ്റായതോടെ കോൺഗ്രസ് ഏക കണ്ഠമായാണ് എൽവിയയെ സ്ഥാനാർഥിയാക്കിയത്. സോഫ്റ്റ് ബോൾ, ബേസ് ബോൾ, സോഫ്റ്റ് ബേസ് ബോൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ കായിക ഇനങ്ങളിലായി ഒട്ടേറെ ദേശീയ - രാജ്യാന്തര മത്സരങ്ങളിലും ഇതിനോടകം എൽവിയ കളത്തിലിറങ്ങിയിട്ടുണ്ട്. 2023ലെ സൗത്ത് ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യന്മാരായ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായിരുന്നു എന്നതാണ് പ്രധാന നേട്ടം.

പ്ലസ് ടുവിന് പഠിക്കുന്ന സമയം മുതൽ എൽവിയ പ്രദേശത്തെ വീടുകളിൽ നോട്ട് ബുക്ക് വിൽപ്പന നടത്തിയിരുന്നു. കായിക മത്സരങ്ങളിൽ പങ്കെടുക്കാനും പോക്കറ്റ് മണി കണ്ടെത്താനുമൊക്കെയായി ബുക്കുകളുമായി വീടുകൾ കയറിയതോടെ നാട്ടിലാകെ പരിചയക്കാരായി. നാട്ടുകാർക്ക് തന്നോടുള്ള പരിചയവും സ്നേഹവും തെരഞ്ഞെടുപ്പ് മത്സരത്തിൽ അനുകൂലമാകുമെന്നും തൃശൂർ വിമല കോളജിലെ ഒന്നാം വർഷ മലയാളം പി.ജി കോഴ്സ് വിദ്യാർഥിനിയായ എൽവിയ പ്രതീക്ഷിക്കുന്നു. കോൺഗ്രസിന് അപ്രമാധിത്യമുള്ള ചേർപ്പ് പഞ്ചായത്തിൽ 2015ൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. മൂന്നാം വാർഡിലേക്ക് ഇത്തവണ നടക്കുന്ന മത്സരത്തിൽ സിപിഐഎമ്മിന്റെ വിനീത രാജനും ബിജെപിയുടെ ഷാലി ജഗനുമാണ് എൽവിയയുടെ പ്രധാന എതിരാളികൾ.

SCROLL FOR NEXT