Source: News Malayalam 24x7
Local Body Poll

ശബരിമല പ്രക്ഷോഭം ബിജെപി അനുകൂലതരംഗമുണ്ടാക്കിയ നഗരസഭ; പന്തളത്ത് ഇക്കുറി പക്ക രാഷ്ട്രീയ പോരാട്ടം

പന്തളം നഗരസഭയിൽ 2015ൽ നിന്ന് 2020ലേക്ക് എത്തുമ്പോൾ വലിയ കുതിപ്പാണ് ബിജെപി നടത്തിയത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പന്തളം നഗരസഭയിൽ 2015ൽ നിന്ന് 2020ലേക്ക് എത്തുമ്പോൾ വലിയ കുതിപ്പാണ് ബിജെപി നടത്തിയത്. അന്ന് ശബരിമല പ്രക്ഷോഭം അടക്കമുള്ള കാര്യങ്ങൾ ബിജെപിക്ക് അനുകൂലമായി കാലാവസ്ഥയാണ് സൃഷ്ടിച്ചത്. ഇത്തവണ പക്ഷെ ശബരിമല വിഷയം വീണ്ടും ഉയർന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ പോരാട്ടത്തിന് കൂടിയാണ് പന്തളത്ത് കളമൊരുങ്ങുന്നത്.

പന്തളം നഗരസഭയിൽ ബിജെപിക്ക് എത്ര അംഗങ്ങളുണ്ട് എന്ന് ചോദിച്ചാൽ എന്താണ് ഉത്തരം. ഒരു ടെംപോ ട്രാവലറിൽ കൊള്ളാവുന്നത്ര എന്നാണ് മറുപടി. 18 കൗൺസിലർമാരേയും ഒരു ടെംപോ ട്രാവലറിൽ കൊണ്ടുവന്നാണ് കഴിഞ്ഞവർഷം ബിജെപി പന്തളത്ത് ഭരണം നിലനിർത്തിയത്. 33 അംഗങ്ങളുള്ള നഗരസഭയിൽ ബിജെപിക്ക് 18 അംഗങ്ങളാണ് ഉള്ളത്. അതിൽ മൂന്ന് അംഗങ്ങൾ ഇടഞ്ഞതോടെയാണ് പ്രതിസന്ധി ഉണ്ടായത്. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങൾ പിന്തുണയ്ക്കും എന്ന നിലവന്നതോടെ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവച്ചു. അടുത്ത ചെയർമാൻ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇടഞ്ഞു നിന്നവരെ തിരികെ പാളയത്തിലെത്തിച്ചു. അങ്ങനെ 18 പേരേയും കളംമാറാതിരിക്കാൻ ഒറ്റ വണ്ടിയിൽ കൊണ്ടുവന്നു. ഒരു സ്വതന്ത്രനും ബിജെപിക്ക് വോട്ട് ചെയ്തു.

പന്തളത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപിക്ക് 18, എൽഡിഎഫിന് ഒൻപത്, യുഡിഎഫിന് അഞ്ച്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു കക്ഷി നില. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 17 മാത്രം. 18 അംഗങ്ങളും ഒരു സ്വതന്ത്രനും ഉൾപ്പെടെ 19 പേരുടെ പിന്തുണ. ബിജെപിക്ക് അനായാസം ഭരിക്കാവുന്ന നിലയായിരിന്നു പന്തളത്ത്. ഒൻപത് അംഗങ്ങൾ മാത്രമുള്ള എൽഡിഎഫിന് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ധൈര്യം ലഭിച്ചത് ബിജെപി പാളയത്തിലെ മൂന്ന് പേർ നേതൃത്വവുമായി ഇടഞ്ഞതോടെയാണ്. അവർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യും എന്ന് വ്യക്തമായതോടെ തലേദിവസം രാജിവച്ച് ആ പ്രതിസന്ധി ഒഴിവാക്കുകയായിരുന്നു ബിജെപി.

2015ൽ നിന്ന് 2020ലേക്ക് എത്തുമ്പോൾ വലിയ കുതിപ്പാണ് ബിജെപി നടത്തിയത്. 2015ൽ എൽഡിഎഫിന് 15, യുഡിഎഫിന് 11, ബിജെപിക്ക് ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന കൗൺസിലിൽ രാഷ്ട്രീയ അസ്ഥിരത പ്രകടമായിരുന്നു. തീരുമാനങ്ങളൊന്നും നേരെ എടുക്കാൻ കഴിയാതിരുന്ന ആ കൗൺസിലിൽ ബിജെപി നടത്തിയ പ്രവർത്തനങ്ങളാണ് ഭൂരിപക്ഷം സൃഷ്ടിച്ചത്. ശബരിമല പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലുള്ള ആനുകൂല്യവും ബിജെപിക്കു ലഭിച്ചു. ശബരിമല പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ കേന്ദ്രസ്ഥാനം പന്തളമായിരുന്നു. ഏഴു സീറ്റിൽ നിന്ന് 18 സീറ്റിലേക്കു ബിജെപി വളർന്നത് അങ്ങനെയാണ്.

2010ൽ പന്തളം പഞ്ചായത്തായിരുന്നു. അന്ന് 23 അംഗ സമിതിയിൽ യുഡിഎഫിന് 11 എൽഡിഎഫിന് 10 ബിജെപിക്ക് രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. പന്തളം തെക്കേക്കര പഞ്ചായത്തിൽ എൽഡിഎഫിന് ഏഴ്, യുഡിഎഫിന് അഞ്ച്, ബിജെപിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു സ്ഥിതി. പന്തളത്തും പന്തളം തെക്കേക്കരയിലുമായി മൂന്നു വാർഡുകൾ മാത്രമാണ് 2010ൽ ബിജെപിക്ക് കിട്ടിയിരുന്നത്. അവിടെ നിന്നാണ് 2020ൽ ഭരണത്തിലേക്ക് പാർട്ടി എത്തിയത്. അന്ന് ശബരിമല പ്രക്ഷോഭം ബിജെപി അനുകൂലതരംഗത്തിനു കാരണമായിരുന്നെങ്കിൽ ഇത്തവണ പക്കാ രാഷ്ട്രീയ മത്സരമാണ് പന്തളത്ത് നടക്കുന്നത്.

SCROLL FOR NEXT