പ്രതീകാത്മക ചിത്രം Source: Screengrab
Local Body Poll

തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ 73.69% പോളിംഗ്; കൂടിയ പോളിംഗ് ശതമാനം വയനാട്, കുറവ് പത്തനംതിട്ട

2020 തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ 2.26 ശതമാനം കുറവ് പോളിംഗ് ശതമാനമാണ് ഇക്കുറി

Author : ന്യൂസ് ഡെസ്ക്

വടക്കൻ കേരളവും വോട്ടിട്ടതോടെ രാഷ്ട്രീയ കേരളം ഇനി ജനവിധിയറിയാനുള്ള കാത്തിരിപ്പിലേക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഏഴ് ജില്ലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 73.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2020 തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ 2.26 ശതമാനം കുറവ് പോളിംഗ് ശതമാനമാണ് ഇക്കുറി. ആദ്യ ഘട്ടം 70.91 %, രണ്ടാം ഘട്ടം 76.08 % എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

ഏറ്റവും കൂടിയ പോളിങ് ശതമാനം വയനാട് ജില്ലയിലും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ് രേഖപ്പെടുത്തിയത്. കോർപ്പറേഷനുകളിൽ കൂടുതൽ പോളിങ് ശതമാനം കണ്ണൂരിലും, കുറവ് തിരുവനന്തപുരത്തും രേഖപ്പെടുത്തി.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (ഡിസംബർ 13) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വെച്ച് പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതാത് സ്ഥാപനങ്ങളിലെയും വോട്ടുകളാണ് എണ്ണുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മറ്റന്നാൾ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 8.30 ഓടെ ആദ്യഘട്ട ഫല പ്രഖ്യാപനം വരും.

SCROLL FOR NEXT