തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി പൂർണമായി തയ്യാറാണെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. തുടര്‍ച്ചയായി ഉണ്ടായ ഭരണം മൂലമുണ്ടായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടും. ദുഷ്പ്രചരണങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്നും എം.എ. ബേബി പറഞ്ഞു.
കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് തന്നെ മാതൃകയാണ്. ആശുപത്രികളില്‍ ഉണ്ടാകുന്നത് ചില ഒറ്റപ്പെട്ട സംഭവങ്ങളാണ്. അത് മനസിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നും എം.എ. ബേബി പറഞ്ഞു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ കരാറു പണി ഏറ്റെടുത്തത് പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. ബിജെപിക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കരാർ ഏറ്റെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇതുപോലെ തുറന്നുകാണിക്കാൻ പറ്റിയ സമയം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണമെന്നും എം.എ. ബേബി.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തൃപ്തികരമല്ലാത്ത മറുപടിയാണ് നൽകിയത്. അർഹരെ എങ്ങനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാം എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ ചെയ്യുന്നതെന്നും എം.എ. ബേബി വിമർശിച്ചു.