എറണാകുളം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ എറണാകുളം ജില്ലയിലെ മാറാടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ വ്യത്യസ്തമായ ഒരു പരിപാടിയിലൂടെയാണ് പ്രചാരണം ആരംഭിച്ചത്.
തെരഞ്ഞെടുപ്പുകാലത്ത് പുതുമയാർന്ന പ്രചാരണ രീതികൾ പരീക്ഷിച്ചാൽ വൈറലാകുമെന്ന് ഉറപ്പാണ്. അങ്ങനെയൊന്നാണ് എറണാകുളം ജില്ലയിലെ മാറാടി പഞ്ചായത്തിൽ നടന്നത്. എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞു. സ്ഥാനാർത്ഥികൾ ഒന്നടങ്കം പാടത്തേക്ക് ഇറങ്ങി. വിത്ത് വിതക്കാനാണ് എൽഡിഎഫിന്റെ 14 സ്ഥാനാർഥികളും പഞ്ചായത്തിലെ കുരുക്കുന്നപുരം പാടശേഖരത്തേക്ക് ഇറങ്ങിയത്.
വിത്ത് വിതച്ചു കൊണ്ട് 14 സ്ഥാനാർഥികളും, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയും പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാറാടി പഞ്ചായത്തിൽ സിപിഐഎം 11 സീറ്റിലും സിപിഐ മൂന്ന് സീറ്റിലുമാണ് മത്സരിക്കുന്നത്. 14 വാർഡുകളിലും തർക്കങ്ങൾ ഇല്ലാതെയാണ് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കർഷകസംഘം മാറാടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിത്ത് വിതയ്ക്കൽ പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്തിലെ എല്ലാ തരിശു പാടങ്ങളും തരിശു രഹിതമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മാറാടി കർഷക സംഘം വില്ലേജ് കമ്മിറ്റി പറയുന്നു. പൂർണമായും കാർഷിക ഗ്രാമമായ മാറാടിയെ കാർഷിക മേഖലയിൽ മികച്ച മുന്നേറ്റം നടത്തുക എന്ന ലക്ഷ്യവും ഇതിന് പിറകിലുണ്ട്.