തിരുവനന്തപുരം: ഇന്ന് പഞ്ചായത്തിൽ തിളങ്ങിയാൽ നാളെയോ മറ്റന്നാളോ നിയമസഭയിൽ എന്നാണ് ജനപ്രതിനിധികളുടെ മോഹം. തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അത്തരം നിരവധി ഉദാഹരണവും കാണാനാകും. വടക്കോട്ടുള്ള എംഎൽഎമാർക്കാണ് പഞ്ചായത്തുകളിൽ പ്രവർത്തിച്ച് കൂടുതൽ പരിചയം എന്ന വസ്തുതയുമുണ്ട്. പഞ്ചായത്തിൽ നിന്ന് തുടങ്ങിയാൽ നിയമസഭയിലെത്താം എന്നാണ് ആപ്തവാക്യം. ഇപ്പോൾ കേരള നിയമസഭയിലുള്ള നല്ലൊരു പങ്ക് എംഎൽഎമാരും ത്രിതല പഞ്ചായത്തുകളിൽ ഏതിലെങ്കിലും അംഗമായിരുന്നവരാണ്.
വടക്കു നിന്ന് ആരംഭിച്ചാൽ പഞ്ചായത്ത് പ്രകടനം കൊണ്ട് മണ്ഡലം പിടിച്ചവർ അനേകമുണ്ടെന്നു കാണാം. അങ്ങു വടക്കേയറ്റം മഞ്ചേശ്വരത്തെ എംഎൽഎ എ. കെ. എം. അഷ്റഫ് മഞ്ചേശ്വം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. കാഞ്ഞങ്ങാട് എംഎൽഎ ഇ. ചന്ദ്രശേഖരൻ ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അഴിക്കോട് എംഎൽഎ കെ. വി. സുമേഷ് ചെങ്ങളായി പഞ്ചായത്ത് അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു.
കൂത്തുപറമ്പ് എംഎൽഎ കെ. വി. മോഹനൻ കുന്നോത്ത് പറമ്പ് പഞ്ചായത്ത് അംഗമായാണ് പൊതുപ്രവർത്തനം തുടങ്ങിയത്. മന്ത്രി ഒ. ആർ. കേളു തിരുനെല്ലി പഞ്ചായത്ത് അംഗമായിരുന്നത് 15 വർഷമാണ്. അതിൽ അഞ്ചുവർഷം പ്രസിഡന്‍റുമായി. ബ്ലോക്ക് പഞ്ചായത്തിലും അംഗമായിരുന്നു.സുൽത്താൻ ബത്തേരിയിലെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ തവിഞ്ഞാൽ പഞ്ചായത്ത് അംഗമായിരുന്നു. കുറ്റ്യാടി എംഎൽഎ കെ. പി. കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്‍റും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.
കുറ്റ്യാടി എംഎൽഎ കെ. പി. കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്‍റും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല തലക്കളത്തൂർ പഞ്ചായത്ത് പ്രസിഡന്‍റും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. കോഴിക്കോട് നോർത്തിലെ തോട്ടത്തിൽ രവീന്ദ്രൻ ദീർഘകാലം കോർപ്പറേഷൻ കൗൺസിലറും ഡെപ്യൂട്ടി മേയറുമായി. കുന്നമംഗലം എംഎൽഎ പി.ടി.എ. റഹീം കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.
കൊണ്ടോട്ടി എംഎൽഎ ടി. വി. ഇബ്രാഹിം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ഏറനാട് എംഎൽഎ പി. കെ. ബഷീർ പ്രസിഡന്‍റായിരുന്ന പഞ്ചായത്താണ് എടവണ്ണ. ജില്ലാ പഞ്ചായത്തിലും അംഗമായിരുന്നു. നിലമ്പൂർ പഞ്ചായത്തിന്‍റെ പ്രസിഡന്‍റും നിലമ്പൂർ നഗരസഭയുടെ ചെയർമാനുമായിരുന്നു ആര്യാടൻ ഷൗക്കത്ത്. മഞ്ചേരിയിലെ യു. എ. ലത്തീഫ് മഞ്ചേരി നഗരസഭാ ചെയർമാനായിരുന്നു. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
മലപ്പുറത്തിന്‍റെ പി ഉബൈദുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മാത്രമല്ല 1991ൽ ജില്ലാ കൌൺസിലുകൾ ആയിരുന്ന കാലം മുതൽ അംഗവുമാണ്. ഇങ്ങനെ തെക്കോട്ട് ഓരോ മണ്ഡലവും എടുത്തുനോക്കിയാൽ ത്രിതല പഞ്ചായത്തുകളിൽ പരിചയമുള്ളവരാണ് എംഎൽഎമാരായി വന്നിരിക്കുന്നത് എന്നു കാണാം. വടക്കോട്ടുള്ള എംഎൽഎമാർക്കാണ് പഞ്ചായത്തുകളിൽ പ്രവർത്തിച്ച് കൂടുതൽ പരിചയം എന്ന വസ്തുതയുമുണ്ട്. ഇന്ന് പഞ്ചായത്തിൽ തിളങ്ങിയാൽ നാളെയോ മറ്റന്നാളോ നിയമസഭയിൽ എന്നാണ് ഈ എംഎൽഎമാരുടെ അനുഭവം പഠിപ്പിക്കുന്നത്.