Local Body Poll

"മാനുഷിക പരിഗണന നൽകാതെ അടിച്ചേൽപ്പിക്കുന്ന രീതിയോട് യോജിക്കില്ല"; എസ്ഐആറിൽ ആശങ്ക അറിയിച്ച് രാഷ്‌ട്രീയ പാർട്ടികൾ

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എസ്ഐആർ നടപടികളെ രൂക്ഷമായി വിമർശിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ആശങ്ക അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ. മാനുഷിക പരിഗണന നൽകാതെ അടിച്ചേൽപ്പിക്കുന്ന രീതിയോട് യോജിക്കാനാകില്ലെന്ന് സിപിഐഎം വ്യക്തമാക്കി.

ഒരു മാസത്തേക്ക് നടപടികൾ നീട്ടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സർവീസ് സംഘടനകളെ ഉപയോഗിച്ച് എസ്ഐആർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകളിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പ് നൽകി.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എസ്ഐആർ നടപടികളെ രൂക്ഷമായി വിമർശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ്ഐആർ നീട്ടി വെക്കണമെന്നാണ് നിലപാടെങ്കിലും വോട്ടർ പട്ടികാ പരിഷ്കരണം സർവീസ് സംഘടനകളെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് ശ്രമമെന്ന് ബിജെപി ആരോപിച്ചു. അർഹരായവരെല്ലാം കരട് വോട്ടർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പ് നൽകി.

അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന പരാതിയുമായി കേന്ദ്ര തുറമുഖ വകുപ്പ് മുൻ സെക്രട്ടറി കെ മോഹൻദാസ് ഐഎഎസ് രംഗത്തെത്തി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് വോട്ട് ചെയ്തെങ്കിലും ഇത്തവണ പട്ടികയിൽ നിന്ന് പുറത്തായി. അധികൃതർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല. പട്ടികയിൽ പേരില്ലാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്താനില്ല. തൻ്റെ വോട്ടൊരു മിത്ത് ആണെന്നും അതിനാൽ ഇത്തവണ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണയ്ക്ക് വോട്ട് ചെയ്യുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കെ. മോഹൻദാസ് പരിഹസിച്ചു.

SCROLL FOR NEXT