തിരുവനന്തപുരം: 2010ൽ യുഡിഎഫ് നേടിയ തദ്ദേശവിജയത്തിന് തുല്യമായ നേട്ടമാണ് ഇത്തവണ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫ് നേടിയ സർവാധിപത്യം. ഗ്രാമപഞ്ചായത്തുകളിൽ വ്യക്തിബന്ധങ്ങളും പ്രാദേശികപ്രശ്നങ്ങളും രാഷ്ട്രീയത്തിനപ്പുറം വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാമെങ്കിലും ബ്ലോക്ക്, ജില്ലാ തലങ്ങളിൽ രാഷ്ട്രീയ വോട്ടുകളാണ് വിധി നിർണയിക്കുക. അങ്ങനെ നോക്കുമ്പോൾ വെറും നാല് മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുള്ള അപായസൂചിക തന്നെയാണ് ഈ ജനവിധി.
ജില്ലാ പഞ്ചായത്ത് ഡിവിഷന് ഒരു മിനി നിയമസഭാ മണ്ഡലത്തിൻ്റെ വ്യാപ്തിയുണ്ടാകും. ബ്ലോക്ക് പഞ്ചായത്തുകളാകട്ടെ അഞ്ചോ അതിലേറെയോ പഞ്ചായത്തിലെ വോട്ടിനെ ഒന്നാകെ പ്രതിനിധീകരിക്കും. ഗ്രാമീണ മേഖലയുടെ രാഷ്ട്രീയ അടിയൊഴുക്കുകൾ ഈ രണ്ട് തലങ്ങളിലും പ്രതിഫലിക്കും. ജില്ലാ പഞ്ചായത്തിലെ വോട്ടിങ് പാറ്റേൺ നിയമസഭയിലും ആവർത്തിക്കുക എന്നത് രണ്ട് പതിറ്റാണ്ടിലെ രാഷ്ട്രീയ ശീലമാണ്.
2020ലെ എൽഡിഎഫ് 11, യുഡിഎഫ് 3 എന്ന നിലയിൽ നിന്നാണ് ഇക്കുറി 7 - 7 എന്ന നിലയിലേക്ക് ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് കുതിച്ചൊപ്പമത്തിയത്. 2020 ൽ 108 ബ്ലോക്ക് പഞ്ചായത്തുകൾ നേടി ഇടതുപക്ഷം മിന്നുന്ന വിജയം നേടിയപ്പോൾ യുഡിഎഫിന് കിട്ടിയത് 44 ബ്ലോക്കുകൾ മാത്രം. അഞ്ച് വർഷത്തിനിപ്പുറം 74 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് യുഡിഎഫ് വിജയം ഉയർന്നു.
ഇടതിൻ്റെ നേട്ടം 108 ൽ നിന്ന് 64ലേക്ക് മെലിഞ്ഞു.ഇടതുപക്ഷം മെനഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളും കണക്കുകൂട്ടിയ സാമുദായിക സമവാക്യങ്ങളും ഒന്നും ഏശിയില്ല.തെക്കൻ കേരളത്തിൽ ഉറച്ച രാഷ്ട്രീയ വോട്ടുകളൊഴികെ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ വലിയ പങ്ക് യുഡിഎഫിലേക്കും ബിജെപിയിലേക്കുമായി വീതിച്ചുപോയി എന്നുവേണം പ്രാഥമികമായി വിലയിരുത്താൻ.
6 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നിന്ന് 13 ആയി തിരുവനന്തപുരത്തെ യുഡിഎഫിൻ്റെ നില ഉയർന്നു. കൊല്ലത്താകട്ടെ മൂന്നിൽ നിന്ന് 10 ആയി യുഡിഎഫ് നില മെച്ചപ്പെടുത്തി. തിരുവനന്തപുരത്തും കൊല്ലത്തും കോൺഗ്രസിൻ്റെ തിരിച്ചുവരവും, ബിജെപി നടത്തിയ അപ്രതീക്ഷിത മുന്നേറ്റവും നൽകുന്ന സൂചന നായർ വോട്ടുകൾ ആകർഷിക്കാൻ എൽഡിഎഫിനായില്ല എന്നാണ്.
മധ്യകേരളത്തിലേക്ക് വന്നാൽ കേരള കോൺഗ്രസ് എമ്മിൻ്റെ പിന്തുണയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാം എന്ന ഇടതുമോഹവും വിലപ്പോയില്ല. 23 ൽ 17 സീറ്റുകൾ നേടിയാണ് കോട്ടയത്തെ യുഡിഎഫിൻ്റെ ആധികാരിക വിജയം. ജോസ് കെ മാണി വന്നിട്ടും വോട്ട് ഇടതിലേക്കെത്തിയിട്ടില്ല. ഇടുക്കിയിൽ ഇടതിന് പത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുണ്ടായിരുന്നത് മൂന്നായി ചുരുങ്ങി. ബ്ലോക്കിൽ എട്ടിൽ ഏഴും യു.ഡി.എഫ് പിടിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പതിവുപോലെ യുഡിഎഫ് കോട്ടയായി തുടർന്നു. യുഡിഎഫ് 25 ഡിവിഷനിലേക്ക് കുതിച്ചുകയറിയപ്പോൾ എൽഡിഎഫ് മൂന്നിലേക്ക് ഇടിഞ്ഞിറങ്ങി.
ക്രൈസ്തവ സമുദായങ്ങളും എൽഡിഎഫിനെ കയ്യൊഴിഞ്ഞുവെന്നാണ് ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വോട്ടിംഗ് ഫലസൂചന. വടക്കൻ കേരളത്തിലും ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വോട്ടുകളിൽ യുഡിഎഫ് കാറ്റ് ആഞ്ഞുവീശി. മലബാർ മേഖല ലീഗ് പൂർണമായും പിടിച്ചു. മലപ്പുറത്ത് പരിപൂർണ തോൽവിയാണ് ഇടതിന് ഇത്തവണയും. അതായത്, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം മുതൽ തുടങ്ങിയ ന്യൂനപക്ഷ വോട്ട് കേന്ദ്രീകരണത്തിൻ്റെ സ്ട്രൈക്ക് റേറ്റ് യുഡിഎഫിന് അനുകൂലമായി തുടരുകയാണ്.