വയനാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി അടിത്തട്ടിൽ പ്രവർത്തകർ ഇറങ്ങിയതോടെ വെളിവായത്, മലയോര മേഖലയിലെ കുടിയിറക്കത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. വയനാട്ടിലെ പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശങ്ങളിൽ യുവ വോട്ടർമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വിദേശത്ത് പോയവർ അവിടെ സ്ഥിരതാമസം ആക്കിയതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആളുകൾ കുറയുന്നത്.
മലബാറിലെ കുടിയേറ്റ ചരിത്രത്തിൽ 1930കൾക്ക് ശേഷം മുള്ളൻകൊല്ലിയിലേക്കും പുൽപ്പള്ളിയിലേക്കുമാണ് ആണ് കർഷകർ ഏറ്റവും കൂടുതൽ കുടിയേറിയത്. കുടിയേറ്റ പാരമ്പര്യം ഉൾക്കൊള്ളുന്ന ഇവരുടെ പുതുതലമുറ എവിടെയാണെന്ന് ചോദിക്കുമ്പോൾ, ലഭിക്കുന്ന ഉത്തരം മുഴുവൻ വിദേശത്താണെന്നാണ്.
1173 വോട്ടർമാരുള്ള മുള്ളൻകൊല്ലി പഞ്ചായത്തിലെ 19ാം വാർഡായ പാതിരിയിൽ ഇത്തവണ 200 ഓളം വോട്ടർമാർ നാട്ടിൽ ഇല്ല. തൊട്ടടുത്തുള്ള പേരികല്ലൂരിലെ വാർഡിലെ 1185 വോട്ടർമാരിൽ 300 ഓളം പേരും വിദേശത്താണ്. പല കോണ്‍ക്രീറ്റ് വീടുകളിലും അപ്പനും അമ്മയും മാത്രം. ചില വീടുകളിൽ അതുമില്ല.
കുരുമുളകിന്റെ സുവര്‍ണ കാലത്ത് കേരളത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളായിരുന്ന വയനാട്ടിലെ പുല്‍പ്പള്ളിയും മുള്ളന്‍കൊല്ലിയും. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും വന്യജിവി പ്രശ്നങ്ങളും കാര്‍ഷിക മേഖലയെ തകര്‍ത്തതോടെയാണ് കുടിയേറ്റ ഗ്രാമങ്ങളില്‍ ഇതു കുടിയിറക്കത്തിന്റെ കാലമായത്.
ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ യുവ വോട്ടർമാരാരും വോട്ട് ചെയ്യാനായി എത്തില്ല. യുവതലമുറയിലെ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കു ചേക്കേറി കഴിഞ്ഞു.