Local Body Poll

നാൽപത് വർഷത്തെ ഇടതു വാഴ്ചയ്ക്ക് വിരാമം; തിരുവനന്തപുരം കോർപ്പറേഷനിൽ ഇനി താമരക്കാലം

അമ്പത് സീറ്റോടെ കോർപ്പറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നാൽപത് വർഷത്തെ ഇടതു വാഴ്ച അവസാനച്ചതോടെ ഇനി കോർപ്പറേഷനിൽ എൻഡിഎ ഭരിക്കും. അമ്പത് സീറ്റോടെ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജില്ലാ കമ്മിറ്റിയംഗം എസ്. എ. സുന്ദറും ഐ.പി. ബിനു ഉൾപ്പെടെയുള്ള സിപിഐഎം പ്രമുഖർ തോറ്റു.

പത്തിൽ നിന്ന് പത്തൊമ്പതിലേക്കുള്ള മുന്നേറ്റത്തിൻ്റെ ആവേശത്തിലാണ് യുഡിഎഫ് മുന്നണിയിലുള്ളത്. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള നേമത്തിന് പുറമെ കഴക്കൂട്ടം, വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലും മുന്നേറിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.

വോട്ടെണ്ണലിൻ്റെ എല്ലാ ഘട്ടത്തിലും കൃത്യമായ ലീഡ് നില എൻഡിഎ പിന്തുടർന്നിരുന്നു. പിന്നാലെ വി. വി. രാജേഷും ആർ. ശ്രീലേഖയും എം. ആർ. ഗോപനും ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം ജയിച്ചു കയറി. ജീവനൊടുക്കിയ മുൻ കൗൺസിലർ അനിൽകുമാറിൻ്റെ വാർഡായ തിരുമലയിലും ബിജെപി സ്ഥാനാർഥി ജയിച്ചു.എന്നാൽ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ വിവാദം തൃക്കണ്ണാപുരമെന്ന കാവിക്കോട്ടയെ തകർത്ത് ഇടതുമുന്നണിക്ക് ജയമൊരുക്കി.

എൽഡിഎഫ് അടിമുടി പതറി. 56-ൽ നിന്ന് 29 ലേക്കുള്ള കൂപ്പുകുത്തലിൽ പ്രമുഖരെല്ലാം കടപുഴകി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എസ്. എ. സുന്ദർ, ഐ.പി ബിനു, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ വി. എസ് ശ്യാമ ഉൾപ്പെടെ പരാജയപ്പെട്ടു. ഇടതു സിറ്റിംഗ് സീറ്റുകളിലെ യുഡിഎഫ് മുന്നേറ്റമാണ് ഇടതിന് ഇരട്ട പ്രഹരമായത്.

ചരിത്രത്തിൽ ആദ്യമായി മുട്ടടയെന്ന ഇടതു ശക്തികേന്ദ്രത്തിൽ വൈഷ്ണ സുരേഷ് വിജയക്കൊടി നാട്ടി. അനാവശ്യ വിവാദം ഉയർത്തി യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നടത്തിയ നീക്കത്തിൽ സിപിഐഎമ്മിൻ്റെ യുവ നേതാവ് അംശു വാമദേവന് അടിപതറി.നില മെച്ചപ്പെടുത്തിയതിൻ്റെ ആവേശത്തിലാണ് കോൺഗ്രസും യുഡിഎഫും.

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയം മുന്നോട്ടു വയ്ക്കുന്ന വരുംകാല രാഷ്ട്രീയ മാറ്റങ്ങൾ ചില്ലറയല്ല. ആറു മാസത്തിനപ്പുറമുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ തെരഞ്ഞെടുപ്പ് ഫലം എങ്ങനെ സ്വാധീനിക്കുമെന്നതാണ് മുന്നണികൾ നോക്കി കാണുന്നത്.

SCROLL FOR NEXT