തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു. നെടുമങ്ങാട് സ്വദേശിനി ശാലിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശാലിനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആര്‍എസ്എസ് എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് ആത്മഹത്യാശ്രമം.
നെടുമങ്ങാട് നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ ആകെ 42 വാര്‍ഡുകളാണ് ഉള്ളത്. അതില്‍ ഏഴ് വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത ഏഴ് വാര്‍ഡുകളില്‍ ഒന്നായ പനയ്‌ക്കോട്ടല വാര്‍ഡിലേക്ക് മത്സരിക്കാന്‍ ശാലിനിയെ പരിഗണിച്ചിരുന്നു. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 26-ാം വാര്‍ഡ് ആണ് പനയ്‌ക്കോട്ടല.
ഈ വാര്‍ഡിലേക്ക് ബിജെപി പ്രവര്‍ത്തക ശാലിനിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നാലെ ആര്‍എസ്എസ് ശാലിനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകായിരുന്നു. ശാലിനി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.
നെടുമങ്ങാട്ടെ ബിജെപിയുടെ സജീവ പ്രവര്‍ത്തകയാണ് ശാലിനി. മഹിളാ മോര്‍ച്ചയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയോടെ മകനാണ് ശാലിനിയെ വീടിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് ബിജെപിക്കുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സീറ്റ് നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് ജില്ലയില്‍ പ്രാദേശിക നേതാവായ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തിരുന്നു. ബിജെപിക്ക് വേണ്ടി പണിയെടുത്തിട്ടും തന്നെ തഴഞ്ഞെന്നായിരുന്നു ആനന്ദിന്റെ ആരോപണം. നേതൃത്വത്തിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)