Local Body Poll

കോണ്‍ഗ്രസ് വിമതനെ മേയറാക്കി ഭരണം നടത്തിയ എല്‍ഡിഎഫ്; അത്ഭുതമായി മാറിയ തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍ കോര്‍പ്പറേഷനിലെ ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത് മഹാത്ഭുതങ്ങളില്‍ ഒന്നായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍ കോര്‍പറേഷനിലെ ഇത്തവണത്തെ ഭരണം അത്ഭുതങ്ങളിലൊന്നായി വിശേഷിപ്പിക്കാം. 2000ല്‍ രൂപീകൃകതമായ തൃശൂര്‍ കോര്‍പറേഷനില്‍ 2015 വരെ ഭരണം മാറിമാറി വന്നു. 2020ല്‍ ഇത് മാറി. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ. വര്‍ഗീസിനെ മേയറാക്കി, ഭരണം നടത്തിയത് എല്‍ഡിഎഫാണ്. അങ്ങനെ കേരളത്തില്‍ അതിവേഗം മാറുന്ന രാഷ്ട്രീയ സാഹചര്യമുള്ള തൃശൂരിനെ കുറിച്ചാണ് ഇത്തവണ പോള്‍ പോട്ട്.

തൃശൂര്‍ കോര്‍പ്പറേഷനിലെ ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത് മഹാത്ഭുതങ്ങളില്‍ ഒന്നായിരുന്നു. എം.കെ. വര്‍ഗീസ് എന്ന മേയര്‍ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വിമതനാണ്. അതോടൊപ്പം മേയറാക്കിയ എല്‍ഡിഎഫിന്റെ വിമര്‍ശകനുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപിയെ തരംകിട്ടിയപ്പോഴൊക്കെ പുകഴ്ത്തുകയും ചെയ്തു. ഏതായാലും അഞ്ചുവര്‍ഷം മേയറായിരുന്ന എം.കെ. വര്‍ഗീസ് ആര്‍ക്കുവേണ്ടിയും വോട്ട് ചോദിക്കാത്ത തെരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പാണ് ആ മാറിനില്‍ക്കല്‍ എന്നു വേണമെങ്കില്‍ പറയാം. ആറുമാസത്തിനുള്ളില്‍ ഏതു പാര്‍ട്ടിക്ക് വേണ്ടിയായിരിക്കും മല്‍സരിക്കുക എന്ന കാര്യത്തില്‍ പോലും എം.കെ. വര്‍ഗീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

തൃശൂര്‍ ഭരണമെന്ന മഹാത്ഭുതം

തൃശൂര്‍ കടന്നുപോയത് അസാധാരണമായ സാഹചര്യങ്ങളിലൂടെയായിരുന്നു. സാധാരണ അഞ്ചാണ്ടുകൂടുമ്പോള്‍ ഭരണമാറ്റമായിരുന്നു തൃശൂര്‍ കോര്‍പറേഷന്റെ പതിവ്. 2000ല്‍ രൂപീകരിക്കപ്പെട്ട കോര്‍പ്പറേഷന്‍ 2005 വരെ കോണ്‍ഗ്രസ് ഭരിച്ചു. 2005 മുതല്‍ എല്‍ഡിഎഫിനായി ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു മേയറായി. 2010ല്‍ വീണ്ടും കോണ്‍ഗ്രസ് എത്തി. 2015ല്‍ സിപിഐഎം അധികാരത്തില്‍. 2020ല്‍ യുഡിഎഫ് വിമതനായ എം കെ വര്‍ഗീസിനെ മേയറാക്കി വീണ്ടും എല്‍ഡിഎഫ് ഭരണം വന്നതോടെയാണ് ഈ ചക്രം ക്രമം തെറ്റിയത്.

തൃശൂര്‍ കോര്‍പറേഷനില്‍ വരുന്ന തൃശൂര്‍ നിയമസഭാ മണ്ഡലം എടുക്കുക. അവിടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ഒന്നാമതെത്തി. 55,057 വോട്ടാണ് സുരേഷ് ഗോപി നേടിയത്. ലോക്‌സഭാ മണ്ഡലം മുഴുവന്‍ സുരേഷ് ഗോപിക്ക് അനുകൂലമായ തരംഗം ഉണ്ടായിരുന്നു. അവിടെ പക്ഷേ രണ്ടാമതെത്തിയത് വി എസ് സുനില്‍കുമാറല്ല. കെ മുരളീധരനാണ്. മുരളീധരന് 40,940 വോട്ട്. വി എസ് സുനില്‍കുമാറിന് കിട്ടിയത് 34,253 വോട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഈ വോട്ടിങ് രീതി കോര്‍പറേഷനിലേക്കു ബാധകമാകാറില്ല. സുരേഷ് ഗോപി എന്ന സ്ഥാനാര്‍ഥിക്കു കിട്ടിയ വോട്ടാണത്. സുനില്‍കുമാര്‍ ഏറെ പിന്നില്‍ മൂന്നാമതായി എന്നതുകൊണ്ട് എല്‍ഡിഎഫിന് വോട്ടുകുറയും എന്നും കരുതാനാകില്ല.

ബിജെപിക്ക് കോര്‍പറേഷനിലേക്കുള്ള കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും കിട്ടിയത് ആറ് ഡിവിഷന്‍ വീതമാണ്. 2025ലും 2020 അത്രമാത്രമേ ജയിക്കാന്‍ സാധിച്ചിരുന്നുള്ളു. 2015ല്‍ ചെമ്പുക്കാവ്, കന്നംകുളങ്ങര, കോട്ടപ്പുറം, കുട്ടന്‍കുളങ്ങര, പൂങ്കുന്നം, തേക്കിന്‍കാട് ഡിവിഷനുകള്‍. 2020ല്‍ പൂങ്കുന്നം, പാട്ടുരായ്ക്കല്‍, തേക്കിന്‍കാട്, കോട്ടപ്പുറം, കോക്കാല, അയ്യന്തോള്‍ എന്നിവ. 2015ല്‍ കിട്ടിയ തേക്കിന്‍കാടും കോട്ടപ്പുറവും പൂങ്കുന്നവും മാത്രമാണ് നിലനിര്‍ത്താന്‍ കഴിഞ്ഞത്. മറ്റു ഡിവിഷനുകള്‍ തോല്‍ക്കുകയും പുതിയ 3 ഡിവിഷനുകളില്‍ ജയിക്കുകയുമാണ് ചെയ്തത്. അവിടെ നിന്നാണ് ബിജെപി അവകാശപ്പെടുന്നതുപോലെ ഭരണത്തിലേക്കു വരേണ്ടത്. ഇത്തവണയെങ്കിലും കോര്‍പ്പറേഷന്‍ പിടിച്ചില്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന സ്ഥിതിയിലാണ് യുഡിഎഫ്. എല്‍ഡിഎഫിന് ഭരണം കിട്ടിയാല്‍ തുടര്‍ച്ചയായ മൂന്നുവട്ടം എന്ന റെക്കോഡ് സ്വന്തമാവുകയും ചെയ്യും.

SCROLL FOR NEXT