കോഴിക്കോട്: വെള്ളിത്തിരയിൽ ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനായി തിളങ്ങിയ ടി.കെ രമേശൻ വടകര മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസ് സേവാദൾ പ്രവർത്തകൻ കൂടിയായ ടി.കെ. രമേശൻ സിപിഐഎം കോട്ടയായ പാക്കയിൽ വാർഡിലാണ് കോൺഗ്രസിനായി അങ്കത്തിനിറങ്ങുന്നത്.
കാഴ്ചയിൽ ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനുമായി അസാമാന്യമായ സാമ്യമാണ് ടി.കെ. രമേശനുള്ളത്. ഇതുതന്നെയാണ് മരക്കച്ചവടക്കാരനിൽ നിന്ന് രമേശനെ സിനിമ നടനാക്കിയത്. മൊയ്തു താഴത്ത് സംവിധാനം ചെയ്ത 'ടി.പി. 51 വെട്ട്' എന്ന ഏറേ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ സിനിമയിൽ ടി.പിയെ അവതരിപ്പിച്ചത് രമേശനായിരുന്നു. സിനിമയ്ക്ക് മുൻപും പിൻപും ടി.പി. ചന്ദ്രശേഖരൻ്റെ രാഷ്ട്രീയ ശരികളോട് അടുപ്പവും ആദരവുമുണ്ടായിരുന്നതായി രമേശൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ സ്മാരകത്തിൽ പൂക്കൾ അർപ്പിച്ചാണ് വീടുകയറിയുള്ള പ്രചാരണം രമേശൻ ആരംഭിച്ചത്.
വടകരയിലെ സിപിഐഎം കോട്ടയായ പാക്കയിൽ ഡിവിഷനിലാണ് രമേശൻ മത്സരിക്കുന്നത്. കോൺഗ്രസിന്റെ സേവാദളിലെ സജീവ പ്രവർത്തകൻകൂടിയാണ് രമേശൻ. പാക്കയിൽ ഡിവിഷനിലെ വികസന മുരടിപ്പും സ്വജന പക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് രമേശൻ വോട്ട് തേടുന്നത്. നിക്ഷ്‌പക്ഷ വോട്ടർമാരുടെ പിന്തുണ തനിക്ക് ഉണ്ടാകുമെന്ന് രമേശൻ പറയുന്നു. ടി.പി. ചന്ദ്രശേഖരൻ്റെ രാഷ്ട്രീയ നിലപാടുകൾ ചർച്ചയാക്കിയ സിനിമയിലെ നായകൻ എന്ന നിലയിൽ പരിചിതനായ രമേശിന്റെ സ്ഥാനാർഥിത്വം പ്രയോജനം ചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുക്കൂട്ടൽ.