എറണാകുളത്ത് അടിപതറി ട്വൻ്റി20. നാടിൻ്റെ വികസനവും ക്ഷേമവും വാഗ്ദാനം ചെയ്ത് 2015ൽ തട്ടകത്തിലിറങ്ങിയ ട്വൻ്റി20 യെ ജനം കൈവിടുന്ന കാഴ്ചയാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത്. സ്വാധീന മേഖലകളിലെല്ലാം കിതച്ചെത്തിയ ട്വൻ്റി20ക്ക് കിഴക്കമ്പലത്തും ഐക്കരനാടും ഭരണം നിലനിർത്തിയെങ്കിലും കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകൾ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്.
വടവുകോട്,വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും ഭരണം നഷ്ടപ്പെട്ടതോടെ സ്വാധീനം ഏറെക്കുറെ പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് ട്വൻ്റി20. തിരുവാണിയൂർ പഞ്ചായത്ത് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തതാണ് ഇത്തവണ ട്വൻ്റി20 ക്ക് ആകെയുള്ള ആശ്വാസം. കോഴഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കനത്ത തോൽവിയാണ് ഇത്തവണ ട്വൻ്റി20ക്ക് നേരിടേണ്ടി വന്നത്.
2015ൽ രൂപീകരിച്ച ട്വൻ്റി20 അതേവർഷം കിവഖ്കമ്പലം പഞ്ചായത്തിൽ 19ല്‍ 17 സീറ്റുകള്‍ നേടി അധികാരത്തില്‍ നേടിയാണ് അധികാരത്തിലെത്തിയത്. പിന്നീട് 2020ല്‍ കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മഴുവണ്ണൂര്‍ പഞ്ചായത്തുകളിലും അധികാരം പിടിച്ചെടുക്കാൻ ട്വൻ്റി20ക്കായി. എന്നാൽ 2025 ആയതോടെ ഐക്കരനാട് മാത്രമാണ് മുഴുവൻ സീറ്റുകളിലും ട്വൻ്റി20ക്ക് വിജയിക്കാനായത്.
ഇത്തവണ എൽഡിഎഫും യുഡിഎഫും ട്വൻ്റി20യെ ഇല്ലാതാക്കാനായി ഒരുമിച്ച് നിന്നുവെന്നാണ് ട്വൻ്റി20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിൻ്റെ ആരോപണം. കോൺഗ്രസിനേയും സിപിഐഎമ്മിനേയും നിയന്ത്രിക്കുന്നത് ശ്രീനിജൻ എംഎൽഎയാണെന്ന് ആരോപിച്ച സാബു പണം കൊടുത്തും മദ്യം കൊടുത്തുമാണ് വോട്ട് നേടിയതെന്നും ആരോപിച്ചു. ഓരോ വോട്ടിനും 1000 രൂപയാണ് നൽകിയത്. പണം കൈമാറിയതിന് തെളിവുകളുണ്ടെന്നും സാബു ആരോപിച്ചു. ഭരണം ലഭിച്ച പഞ്ചായത്തുകളിൽ നന്നായി പ്രവർത്തിക്കുമെന്നും സാബു എം.ജേക്കബ് വ്യക്തമാക്കി.