വോട്ടുചോദിച്ച് വീട്ടിലെത്തുന്ന സ്ഥാനാർത്ഥികൾ ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നാണ് സാധാരണ അഭ്യർത്ഥിക്കാറുള്ളത്. എന്നാലിനി സ്ഥാനാർത്ഥിയുടെ വസ്ത്രം കണ്ടാൽ ചിഹ്നവും പാർട്ടിയുമൊക്കെ തിരിച്ചറിയാനാകും. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാലത്തെ ട്രെൻഡിങ് വസ്ത്രങ്ങളുടെ വിശേഷങ്ങൾ കാണാം.
കോട്ടയം: വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ കരയിൽ പതിപ്പിച്ച കൈത്തറി മുണ്ട് വടക്കൻ കേരളത്തിൽ നേരത്തെ മുതൽ ട്രെൻഡിങ്ങാണ്.ഈ തെരഞ്ഞെടുപ്പിൽ തെക്കൻ കേരളത്തിലും ശ്രദ്ധ നേടുകയാണ് ഈ വസ്ത്രം. ചുരുക്കത്തിൽ, വോട്ടർമാരുടെ മനസിൽ ചിഹ്നം ഉറപ്പിക്കാനുള്ള പുത്തൻ രീതിയും ഹിറ്റാണ്.
കോട്ടയം മരങ്ങാട്ടുപിള്ളിയിലെ മൽഹാർ ലൂംസാണ് ചിഹ്നം പതിപ്പിച്ച കൈത്തറി മുണ്ടുകൾക്ക് പിന്നിൽ. ഉത്സവങ്ങൾക്ക് ദേവീ ദേവന്മാരുടെ ചിത്രങ്ങൾ പതിപ്പിച്ച വസ്ത്രങ്ങൾ ധാരാളമായി വിറ്റു പോയിരുന്നു. പിന്നാലെയെത്തിയ ഇലക്ഷൻ മുണ്ടുകൾക്കും ആവശ്യക്കാർ ഏറെ.
നിലവിൽ മുണ്ടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ചിഹ്നങ്ങൾക്ക് പുറമെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഷർട്ടും, ജുബ്ബയും, ടീ ഷർട്ടും എല്ലാം ലഭ്യമാണ്.പുരുഷന്മാർക്ക് മാത്രമല്ല, ചിഹ്നം പതിപ്പിച്ച സെറ്റ് മുണ്ടുകളും ഇവർ തയ്യാറാക്കി നൽകും. മുണ്ട് ഹിറ്റ് ആയതോടെ മൽഹാർ ലൂംസിൻ്റെ ഓൺലൈൻ സൈറ്റുകളിൽ തിരക്കേറിയിട്ടുണ്ട്.