കുമാരമംഗലത്ത് നാട്ടുകാർ നടത്തുന്ന പരിപാടിയിൽ നിന്നും Source: News Malayalam 24x7
Local Body Poll

'അങ്ങനയങ്ങ് പോയാലോ...'; നാടിന് വേണ്ടി എന്ത് ചെയ്തു? കുമാരമംഗലത്ത് വോട്ട് കിട്ടാൻ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം

നാടിന് വേണ്ടി എന്തൊക്കെ ചെയ്തു, ഇനിയെന്തൊക്കെ ചെയ്യും എന്നെല്ലാം സ്ഥാനാർഥികളോട് വോട്ടർമാർ നേരിട്ട് ചോദിക്കും

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് വോട്ട് ചോദിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. നാടിന് വേണ്ടി എന്തൊക്കെ ചെയ്തു, ഇനിയെന്തൊക്കെ ചെയ്യും എന്നെല്ലാം സ്ഥാനാർഥികളോട് വോട്ടർമാർ നേരിട്ട് ചോദിക്കും. 'നമ്മൾ അയൽക്കാർ' എന്ന റെസിഡൻസ് അസോസിയേഷനാണ് ഈ വ്യത്യസ്തമായ പരിപാടിക്ക് നേതൃത്വം നൽകിയത്.

ഇടുക്കി കുമാരമംഗലം പഞ്ചായത്ത് 12ാം വാർഡിൽ മത്സരിക്കുന്ന നാല് സ്ഥാനാർഥികളും ഇവിടെ വോട്ട് ചോദിക്കാൻ വന്നതാണ്. എൽഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കരുണാകരൻ , യുഡിഎഫ് സ്ഥാനാർഥി ആനന്ദ് ശശി, എൻഡിഎ സ്ഥാനാർഥി ടി.എ. ഓമനക്കുട്ടൻ, സ്വതന്ത്ര സ്ഥാനാർഥി ശ്യാം കുമാർ കെ. കെ, എന്തുകൊണ്ട് ഇവർ മത്സരരംഗത്ത് എന്നത് വോട്ടർമാരോട് വ്യക്തമാക്കണം.

കുമാരമംഗലം കൊട്ടാരം പടി റോഡ് ആയിരുന്നു പരിപാടിക്ക് വേദിയായത്. 12ാം വാർഡിലെ വോട്ടർമാർക്ക് മുമ്പിൽ സ്ഥാനാർഥികൾ വിഭാവനം ചെയ്യുന്ന പരിപാടികൾ വിശദീകരിക്കും. രാഷ്ട്രീയ നിലപാടുകൾ പറയും . വാർഡിലെ വിവിധ വിഷയങ്ങളിൽ പരിഹാരമെന്ത് എന്നതും സ്ഥാനാർഥികൾ വിശദീകരിക്കണം. വാർഡിലെ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ, തെരുവ് നായ ശല്യം തുടങ്ങിയ പ്രശ്നങ്ങളും ചർച്ചയായി.

വാർഡിലെ റോഡ് വികസനം, കുമാരമംഗലത്ത് പൊതു ശൗചാലയം, വെയിറ്റിംഗ് ഷെഡ്, കളിസ്ഥലങ്ങൾ, വാർഡിലെ എല്ലാവർക്കും വീട്, വനിതകൾക്കായി സ്വയം തൊഴിൽ പരിശീലനം തുടങ്ങി അനവധി ആവശ്യങ്ങളും പരാതികളും വോട്ടർമാർ തുറന്നാവശ്യപ്പെട്ടു . ആര് ജയിച്ചാലും പുതിയ പഞ്ചായത്ത് അംഗത്തിനൊപ്പം ഭാവി പ്രവർത്തനങ്ങളിൽ 'നമ്മൾ അയൽക്കാർ' റസിഡൻസ് കൂട്ടായ്മ ഉണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പു നൽകിയാണ് പരിപാടി സമാപിച്ചത്.

SCROLL FOR NEXT