Local Body Poll

"സാങ്കേതിക കാരണം പറഞ്ഞ് മത്സരിപ്പിക്കാതിരിക്കരുത്"; വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്നും നീക്കിയതിൽ ഹൈക്കോടതി

വൈഷ്ണ സുരേഷിൻ്റെ വിഷയത്തിൽ ഈ മാസം 20 നകം ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്നും നീക്കിയതിൽ വിമർശിച്ച് ഹൈക്കോടതി. ഒരു യങ്സ്റ്റർ മത്സരിക്കാൻ വരുമ്പോൾ ഇങ്ങനെയാണോ കാണിക്കേണ്ടെന്നും, സാങ്കേതിക കാരണം പറഞ്ഞ് 24കാരിയെ മത്സരിപ്പിക്കാതിരിക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. വൈഷ്ണ സുരേഷുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ മാസം 20 നകം ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ഹർജിയിൽ കക്ഷി ചേർക്കണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ ആവശ്യപ്പെടുന്നുണ്ട്. ഇതിൽ കോർപ്പറേഷന് എന്താണ് കാര്യം എന്ന് ഹൈക്കോടതി ആരാഞ്ഞു. ഈ കാര്യത്തി കോർപ്പറേഷൻ അനാവശ്യമായി ഇടപെടരുത് എന്നും കോടതി ഓർമപ്പെടുത്തി. പരാതിക്കാരന് സ്പെഷ്യൽ മെസഞ്ചർ വഴി നോട്ടീസ് നൽകണമെന്ന് കോടതി നിർദേശം നൽകി.

മേൽവിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടി സിപിഐഎം മുട്ടട ബ്രാഞ്ച് കമ്മറ്റി അംഗം ധനേഷ് കുമാറാണ് വൈഷ്ണ ഉൾപ്പെടെയുള്ള ആറ് പേർക്കെതിരെ പരാതി നൽകിയത്. ഇതിനുിപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വൈഷ്ണയ്ക്ക് സാധിക്കില്ല. ജോലി ഉപേക്ഷിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയതാണ് എന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ തീരുമാനം വളരെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും വൈഷ്ണ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

SCROLL FOR NEXT