ഐഐടി ജോധ്‌പൂരിലെ വനിതാ പ്രൊഫസറെ 12 ദിവസം 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് സൈബർ കുറ്റവാളികൾ 12 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ ക്രൈം ബ്രാഞ്ച് ഓഫീസർ ആണെന്ന വ്യാജേന കുറ്റവാളികൾ, വനിതാ പ്രഫസറോട് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയാണെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ലഹരിമരുന്ന്, പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയടങ്ങിയ പാര്‍സല്‍ പ്രൊഫസറുടെ പേരില്‍ മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും അതിനാല്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്നും അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. 35 കാരിയായ അമൃത പുരിയാണ് തട്ടിപ്പിന് ഇരയായത്.
ഓഗസ്റ്റ് 1 മുതൽ പല ഫോൺ നമ്പറുകളിൽ നിന്നായി നിരവധി കോളുകൾ വന്നിരുന്നതായി വനിതാ പ്രൊഫസർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് കോളുകൾ വന്നത്. തൻ്റെ പേരിൽ ഒരു പാർസൽ എത്തിയിട്ടുണ്ടെന്നും അതിൽ ലഹരിമരുന്ന് അടക്കമുള്ളവയുണ്ടെന്നും പറഞ്ഞു. ഇക്കാര്യം മുംബൈ ക്രൈം ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു.
അതിനു ശേഷം വിളിച്ച ആൾ മുംബൈ ക്രൈം ബ്രാഞ്ചിലെ ഡിസിപി ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ വ്യക്തിക്ക് കൈമാറി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രൊഫസർ ഉൾപെട്ടിരിക്കുകയാണെന്നും, സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും അയാൾ ഭീഷണിപ്പെടുത്തി.
അതിനു ശേഷം യുവതിയുടെ ഫോണിന്റെയും ലാപ്ടോപിന്റെയും നിയന്ത്രണം വിട്ടുകൊടുത്ത് ക്യാമറ ഓൺ ആക്കുകയും സൈബർ കുറ്റവാളികളുടെ നിരീക്ഷണത്തിലിരിക്കേണ്ടിയും വന്നു. പിന്നീടുള്ള 12 ദിവസവും ഇവർ കുറ്റവാളികളുടെ നിരീക്ഷണത്തിൽ കഴിഞ്ഞു. പിന്നീട്, 11,97,000 രൂപ ചെക്കിലൂടെ തട്ടിപ്പുകാർ ട്രാൻസ്ഫർ ചെയ്ത എടുക്കുകയും, അതിന് ശേഷം പ്രഫസറെ വെറുതെ വിടുകയും ചെയ്തു.
പിന്നീടാണ് താൻ പറ്റിക്കപെടുകയായിരുന്നുവെന്ന് വനിത പ്രഫസർ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.