ബയോജി നഗരത്തിലെ ഫാമെൻ ക്ഷേത്രത്തിൽ ഈ മാസം പകർത്തിയ വീഡിയോയിലാണ് ഇക്കാര്യം കണ്ടെത്തിയത്
Arrest
ചൈനയിലെ ബുദ്ധ ക്ഷേത്രങ്ങളിൽ നിന്ന് വിശ്വാസികൾ നൽകിയ സംഭാവന പണം തട്ടിയെടുത്ത് സർവകലാശാല വിദ്യാർഥി. ക്ഷേത്രത്തിലെ ക്യുആർ കോഡ് മാറ്റി സ്വന്തം ക്യുആർ കോഡ് വച്ചാണ് ഇയാൾ പണം തട്ടിയത്. 3.5 ലക്ഷം രൂപ ഇത്തരത്തിൽ കൈക്കലാക്കിയത്. ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യകളായ സിചുവാൻ, ചോങ്‌കിംഗ്, വടക്കുപടിഞ്ഞാറൻ ഷാങ്‌സി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്ന് ഈ വർഷം 4,200 ഡോളർ അതായത് ഏകദേശം 3.5 ലക്ഷം രൂപ മോഷ്ടിച്ചതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് (എസ്‌സിഎംപി) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Read More: സ്മാർട്ട് ഫോണില്ലാതെ 134 ദിവസം; ചൈനയിലെ പിഎച്ച്ഡി വിദ്യാർഥി യാത്ര ചെയ്തത് 24 പ്രവശ്യകള്‍
ബയോജി നഗരത്തിലെ ഫാമെൻ ക്ഷേത്രത്തിൽ ഈ മാസം പകർത്തിയ വീഡിയോയിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയ പ്രതി മറ്റു ആളുകളുടെ കൂടെ സംഭാവനപ്പെട്ടിയുടെ അടുത്തുള്ള ബുദ്ധ പ്രതിമക്ക് മുന്നിൽ മുട്ടുകുത്തി നമസ്കരിച്ചു. അതിനു ശേഷം അയാളുടെ പേർസണൽ ക്യുആർ കോഡ് ക്ഷേത്രത്തിന്റെ ക്യുആർ കോഡിന്റെ പുറമെ പതിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. മറ്റുള്ള സ്ഥലങ്ങളിലും ഇതേ രീതി തന്നെയാണ് പ്രയോഗിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ച മുഴുവൻ പണവും പ്രതി തിരികെ നൽകിയെന്ന് പൊലീസ് അറിയിച്ചു.
Read More: ചൈനീസ് ദേശീയഗാനം പതുക്കെച്ചൊല്ലി; ഹോങ്കോങ്ങിലെ രണ്ട് സ്‌കൂളുകള്‍ക്കെതിരെ നടപടി
ചൈനയിൽ ബുദ്ധക്ഷേത്രങ്ങളും, മഠങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ആദ്യസംഭവം അല്ല ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമാന രീതിയിലുള്ള മോഷണം നടത്തിയതിന് കഴിഞ്ഞ ജൂലൈയിൽ ഒരു ചൈനീസ് പൗരൻ അറസ്റ്റിലായിരുന്നു. മോഷ്ടിക്കാനായി ക്ഷേത്രങ്ങളിൽ കയറിയ ഇയാൾ നിരവധി സംഭാവനപ്പെട്ടികൾ തകർത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബുദ്ധ സന്യാസിനി മഠത്തിലെ പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതിന് ഷാങ്ഹായിൽ കഴിഞ്ഞ വർഷം ഒരാൾ അറസ്റ്റിലായിരുന്നു.