NEWSROOM

13 ലക്ഷം സർക്കാർ ജോലിക്കാർക്ക് ശമ്പളം നഷ്ടപ്പെടും?, ചർച്ചയായി യുപിയിലെ പുതിയ ഉത്തരവ്

പുതിയ ഉത്തരവ് പ്രകാരം, സർക്കാർ ജീവനക്കാർ സ്വത്ത് വസ്തുക്കളുടെ എല്ലാ വിവരങ്ങളും ഈ മാസം 31ന് മുൻപ് സർക്കാർ പോർട്ടലായ മാനവ് സമ്പത്തിൽ രേഖപ്പെടുത്തണം

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ പുറത്തുവിട്ട പുതിയ ഉത്തരവ് പാലിച്ചെങ്കിൽ, 13 ലക്ഷം സർക്കാർ ജോലിക്കാർക്ക് ശമ്പളം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്. പുതിയ ഉത്തരവ് പ്രകാരം, സർക്കാർ ജീവനക്കാർ സ്വത്തുവിവരങ്ങൾ ഈ മാസം 31ന് മുൻപ് സർക്കാർ പോർട്ടലായ മാനവ് സമ്പത്തിൽ രേഖപ്പെടുത്തണം. ഉത്തരവ് പാലിക്കാത്ത പക്ഷം, അവർക്ക് ഈ മാസത്തെ ശമ്പളം ലഭിക്കില്ല. കൂടാതെ, പ്രമോഷൻ സാധ്യതകളെ വരെ ഇത് ബാധിച്ചേക്കാമെന്നും ഉത്തരവിൽ പറയുന്നു.

ആദ്യ ഘട്ടത്തിൽ ഈ ഉത്തരവ് പ്രകാരം വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ വർഷം ഡിസംബർ 31 ആയിരുന്നു. പിന്നീട് തീയതി ഈ വർഷം ജൂലൈ 31 ആയി മാറ്റി. എന്നാൽ, ജൂലൈ 31ഓടെ ആകെ 26 ശതമാനം പേർ മാത്രമാണ് വിവരങ്ങൾ മാനവ് സമ്പത്തിൽ നൽകിയിരുന്നത്. ഉത്തർപ്രദേശിൽ ആകെ 17,88,429 സർക്കാർ ജീവനക്കാരാണ് ഉള്ളത്. ഇതിൽ ആകെ 26 ശതമാനം പേർ മാത്രമാണ് മാനവ് സമ്പത്തിൽ വിവരങ്ങൾ നൽകിയിരിക്കുന്നത്. 13 ലക്ഷത്തിലേറെ പേരാണ് ഇപ്പോഴും സ്വത്ത് വിവരങ്ങൾ നൽകാൻ ബാക്കിയുള്ളത്. ഓഗസ്റ്റ് 31നകം വിവരങ്ങൾ സമർപ്പിക്കാത്ത പക്ഷം, അത്രയും പേർക്ക് ഈ മാസത്തെ ശമ്പളം നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്

സർക്കാരിനുള്ളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് യുപി മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേതൃത്വത്തിൽ അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, പ്രതിപക്ഷം ഈ ഉത്തരവിനെതിരെ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്. പല തവണ തീയതി മാറ്റിയിട്ടും, മുഴുവൻ പേരും വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ, ഉത്തരവിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിൻ്റെ വാദം. എന്തുകൊണ്ട് ഈ ഉത്തരവ് 2017ൽ പുറത്തിറക്കിയില്ല, അവരുടെ സർക്കാരിൽ ജീവനക്കാരെല്ലാം അഴിമതിക്കാരാണെന്ന് സർക്കാർ മനസിലാക്കി, ഉത്തരവിൽ സർക്കാർ പരാജയപ്പെട്ടു എന്നും സമാജ്‌വാദി പാർട്ടി വക്താവ് അശുതോഷ് വർമ പറഞ്ഞു.

SCROLL FOR NEXT