
ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനായി നാഷണൽ കോൺഫറൻസും കോൺഗ്രസും കൈകോർക്കുന്നു. സഖ്യം ട്രാക്കിലാണെന്നും, 90 സീറ്റുകളിലും ഒരുമിച്ച് മത്സരിക്കുമെന്നും നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള അറിയിച്ചു.
പത്ത് വർഷത്തിന് ശേഷം, ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയതിന് ശേഷവുമുള്ള നിയമസഭാ തെരഞ്ഞെടുപ്പായതിനാൽ ഇത്തവണ വോട്ടെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഇത് വെളിവാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും കശ്മീർ സന്ദർശനം. സംസ്ഥാന നേതാക്കളെ കണ്ടതിനൊപ്പം നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫറൂഖ് അബ്ദുള്ളയേയും ശ്രീനഗറിലെ വസതിയിലെത്തിയാണ് ഇരുനേതാക്കളും കണ്ടത്. കൂടിക്കാഴ്ചയിൽ സഖ്യം സംബന്ധിച്ച് ഏകദേശ ധാരണയായതാണ് റിപ്പോർട്ട്. കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യമായി മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള പ്രഖ്യാപിക്കുകയും ചെയ്തു.
സഖ്യം പ്രഖ്യാപിച്ചെങ്കിലും സീറ്റുകൾ സംബന്ധിച്ച് തർക്കം രൂക്ഷമാണെന്ന വാർത്തകളും കശ്മീരിൽ നിന്ന് പുറത്തുവരുന്നുണ്ട്. അതേസമയം വിഘടനവാദത്തെ നേരിടുന്നതിനായി ഒരുമിച്ച് നീങ്ങാൻ തന്നെയാണ് ഇരു പാർട്ടികളുടെയും തീരുമാനം. പിഡിപിയുമായും സഖ്യത്തിന് കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനോട് അനുകൂലമായ നിലപാടല്ല നാഷണൽ കോൺഫറൻസിനുള്ളത്. സഖ്യ രൂപീകരണത്തിൽ ആർക്ക് മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
READ MORE: മഹാരാഷ്ട്രയിൽ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുകയാണ് കോൺഗ്രസിൻ്റെയും ഇന്ത്യ സഖ്യത്തിൻ്റെയും പ്രഥമ പരിഗണനയെന്ന് രാഹുൽ ഗാന്ധി ജമ്മുവിലെ റാലിയിൽ പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പിൽ നടക്കുക കോൺഗ്രസിൻ്റെയും ആർഎസ്എസിൻ്റെയും പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധമാണെന്നും രാഹുൽ പറഞ്ഞുവെച്ചു.
ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലാണ് വോട്ടെടുപ്പ്. ഒക്ടോബർ നാലിന് ഫലം പ്രഖ്യാപിക്കും.